ഇരിട്ടി നഗരത്തിലെ കൈയേറ്റം പൊളിച്ചുനീക്കി

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കൽ പൂർത്തിയാവുന്നു. ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്ന സിറ്റി സെൻറർ ബഹുനില കെട്ടിടത്തിന്റെ കൈയേറ്റ ഭാഗങ്ങൾ കോടതിയിൽനിന്ന്‌ അനുകൂല ഉത്തരവ് ഉണ്ടായതിനെ തുടർന്ന് പോലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ സഹായത്തോടെ റവന്യു സംഘം ബുധനാഴ്ച ബലമായി പൊളിച്ചുനീക്കി. ഇതോടെ അഞ്ച് ഘട്ടങ്ങളിലായി 24 കെട്ടിടങ്ങളുടെ കൈയേറ്റ ഭാഗങ്ങളാണ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കിയത്. ഒരുവർഷം മുൻപ് തുടങ്ങിയ കൈയേറ്റം ഒഴിപ്പിക്കലാണ് ഇതോടെ പൂർത്തിയാവുന്നത്. അവശേഷിക്കുന്ന ഭാഗങ്ങൾ റോഡിന്റെ നിർമാണപുരോഗതിക്കനുസരിച്ച് പൊളിച്ചുനീക്കാമെന്ന് കെട്ടിട ഉടമകളിൽനിന്ന്‌ ഉറപ്പ് ലഭിച്ചിരുന്നു. അതിനാൽ നിർമാണത്തിന് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ പറഞ്ഞു. കെട്ടിട ഉടമകൾ ഹൈക്കോടതിയിൽനിന്ന്‌ പൊളിക്കലിനെതിരേ വിധി സമ്പാദിച്ചതിനെ തുടർന്നാണ് ഇരിട്ടി സിറ്റി സെന്ററിലെ ഗ്രാൻഡ് ബസാർ, ശക്തി വ്യാപാരസമുച്ചയം എന്നിവയുടെ ഒഴിപ്പിക്കൽ അനന്തമായി നീണ്ടത്.
റവന്യൂ വകുപ്പിന്റെ സ്ഥലം അളന്നുതിട്ടപ്പെടുത്താമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതിയിൽനിന്ന്‌ അനുകൂലമായ വിധിയുണ്ടായി. ഇതോടെ കഴിഞ്ഞദിവസം കെട്ടിട ഉടമകൾക്ക് ബുധനാഴ്ചയ്ക്കുള്ളിൽ സ്വയം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകി. എന്നിട്ടും പൊളിക്കാത്തതിനെ തുടർന്നാണ് പോലീസ് സന്നാഹത്തോടെ മണ്ണുമാന്തി യന്ത്രവും കോൺക്രീറ്റ് കട്ടറും ഉപയോഗിച്ച് റോഡിലേക്ക് ഇറങ്ങിനിന്ന ഭാഗങ്ങൾ പൊളിച്ചുനീക്കിയത്. ഇരിട്ടി നഗരം അർബൻ സ്ട്രീറ്റ് ഡിസൈൻ മാതൃകയിൽ 15 കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് നടപടി. റവന്യൂ വകുപ്പും കെ.എസ്.ടി.പി.യും നടത്തിയ സമവായ ശ്രമത്തിലൂടെ 300 കടകൾ സ്വമേധയാ കൈയേറ്റങ്ങൾ പൊളിച്ചുനീക്കിയിരുന്നു. 24 കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചതോടെയാണ് കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ വൈകിയത്.
കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ, ജില്ലാ സർവേ സൂപ്രണ്ട് കെ.ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ എം.സി.സീനത്ത്, ഹെഡ് സർവേയർ പി.വി.രാജൻ, സർവേയർമാരായ എൻ.ജിൻസ്, വി.കെ.സുരേഷ്, വില്ലേജ് ഓഫീസർ വി.മനോജ് കുമാർ, വി.പ്രമോദ് കുമാർ, കെ.രാജേഷ്, ടി.കെ.പ്രസാദ്, ഇരിട്ടി ഇൻസ്പെക്ടർ കുട്ടികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നിയമപരമായും സമവായത്തിലൂടെയും റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളാണ് വർഷങ്ങളായുള്ള കൈയേറ്റങ്ങൾ പൊളിച്ചടുക്കാൻ സഹായിച്ചത്. വ്യാപാരികളിൽനിന്നും കെട്ടിട ഉടമകളിൽനിന്നും ഉണ്ടായ എതിർപ്പുകളെയെല്ലാം തട്ടിമാറ്റാൻ റവന്യൂ സംഘത്തിന് കഴിഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഒന്നരവർഷം മുൻപ്‌ തുടങ്ങിയ നടപടികളാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്. ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിന് പൊതുജനങ്ങളിൽനിന്നും മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽനിന്നും ലഭിച്ച സഹായങ്ങളും കാര്യങ്ങൾ എളുപ്പമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: