കണ്ണൂർ വിമാനത്താവളം; മാനന്തവാടി-മട്ടന്നൂർ റോഡ്: അലൈൻമെന്റ് ചർച്ച ചെയ്തു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വികസിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച് കളക്ടർ ടി.വി.സുഭാഷിന്റെ അധ്യക്ഷതയിൽ ചർച്ച നടത്തി. ജനപ്രതിനിധികൾ, പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായായിരുന്നു ചർച്ച. 63.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബോയ്‌സ് ടൗൺ-പേരാവൂർ-ശിവപുരം വഴിയാണ് പോകുന്നത്. 33 കിലോമീറ്റർ നീളമുള്ള വളവുകൾ പരമാവധി നിവർത്തും. ദൂരവും വളവുകളും കുറയ്ക്കുന്നതിന് പുതിയ ബൈപ്പാസുകൾ നിർമിക്കും. 24 മീറ്റർ വീതിയിലാണ് നിലവിലെ റോഡുകൾ ശാസ്ത്രീയമായി വികസിപ്പിക്കുന്നത്. ചർച്ചകളിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ അലൈൻമെന്റ് ഉടൻ പ്രസിദ്ധീകരിക്കും. ഇതിനുശേഷമാണ് റോഡുകളുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുക. ‘ഐഡെക്ക്’ എന്ന ഏജൻസിയാണ് അലൈൻമെന്റും പദ്ധതിരേഖയും തയ്യാറാക്കുന്നത്. കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ-മേക്കുന്ന്-പാനൂർ-പൂക്കോട്-കൂത്തുപറമ്പ്-മട്ടന്നൂർ റോഡ്, 28.5 കിലോമീറ്റർ വരുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡ് എന്നിവയുടെ പുതിയ അലൈൻമെന്റുകളെക്കുറിച്ചുള്ള ചർച്ച നേരത്തേ നടത്തിയിരുന്നു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ (എൽ.എ.) കെ.കെ.അനിൽ കുമാർ, പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനീയർ കെ.ജിഷാകുമാരി തുടങ്ങിയവർ സംബന്ധിച്ചു.
മാനന്തവാടി-മട്ടന്നൂർ റോഡിൽ 44-ാം മൈൽ മുതൽ തലപ്പുഴ വരെയുള്ള ഭാഗത്തെ റോഡ് നിലവിലെ സാഹചര്യത്തിൽ വീതികൂട്ടി വികസിപ്പിക്കുന്നതിനുപകരം വനത്തിലൂടെ സമാന്തര സമാന്തര റോഡ് നിർമിക്കുന്ന കാര്യം പരിഗണിക്കണം,വിമാനത്താവള റോഡുകളായി വികസിപ്പിക്കുന്ന മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയർപോർട്ട് റോഡ് (26.3 കിലോമീറ്റർ), തളിപ്പറമ്പ്-ചൊറുക്കള, നണിച്ചേരിക്കടവ് പാലം-മയ്യിൽ-ചാലോട് റോഡ് എന്നിവ കൂടി ഉൾപ്പെടുന്ന റോഡുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കണം,ഭൂമിക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതോടൊപ്പം കടകൾ നടത്തുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും മതിയായ നഷ്ടപരിഹാരം അനുവദിക്കണം ഇവയായിരുന്നു പ്രധാനമായും ഉയർന്ന നിർദേശങ്ങൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: