ജനങ്ങളെ വലച്ച് കണ്ണൂരിലെ മാലിന്യം തള്ളൽ കേന്ദ്രങ്ങൾ

കണ്ണൂർ: കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ദിവസവും രാവിലെ മാലിന്യം എടുക്കുന്ന സ്ഥലങ്ങൾ നഗരത്തിന്റെ മാലിന്യക്കുപ്പയാകുന്നു. അടുത്ത ദിവസം ശുചീകരണ തൊഴിലാളികൾ മാലിന്യം എടുത്തുകൊണ്ടു പോകും എന്ന് ഉറപ്പുള്ളതിനാലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ഇത്തരം സ്ഥലങ്ങളിൽ തള്ളുന്നത്. രാത്രിയാകുമ്പോഴേക്കും വലിയ മാലിന്യ കൂമ്പാരം രൂപപ്പെടും. അടുത്ത ദിവസം രാവിലെ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ എത്തുന്നതുവരെ സമീപത്തുള്ളവർ ഈ മാലിന്യ കൂമ്പാരങ്ങളിൽ നിന്നുള്ള അസഹനീയ ദുർഗന്ധം സഹിക്കണം.
കാക്കകൾ കൊത്തിവലിക്കുന്ന അറവ് മാലിന്യങ്ങൾ സമീപത്തുള്ള കിണറുകളിലേക്കും വാട്ടർ‌ ടാങ്കുകളിലേക്കും എത്തുന്നതായി പരിസരവാസികൾക്ക് പരാതിയുണ്ട്. റോഡരികുകളാണ് ഇത്തരം സ്ഥലങ്ങളെന്നതിനാൽ യാത്രക്കാർക്കും ദുരിതമാണ്. മാലിന്യം തിന്നാനെത്തുന്ന തെരുവുനായകൾ കാൽനടക്കാർക്കും ഭീഷണിയാണ്. അവധി ദിവസങ്ങളിൽ എടുക്കാത്തതു കൊണ്ട് ആ ദിവസം മുഴുവൻ പരിസരവാസികൾ ദുരിതം അനുഭവിക്കണം. ശുചീകരണ തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ പരിസരത്തിന് ദുരിതമില്ലാത്ത വിധത്തിൽ മാലിന്യം തള്ളാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നാണ് ആവശ്യം.
കോർപറേഷന്റെ മാലിന്യ വണ്ടികൾ ഇത്തരം സ്ഥലങ്ങളിൽ നിർത്തിയിട്ട് മാലിന്യം ഇതിൽ തള്ളാൻ നിർദേശിച്ചാൽ മാലിന്യം തള്ളലിന് പരിഹാരമാകും. കാക്കകളും തെരുവുനായകളും കുറുക്കന്മാരും മാലിന്യം കൊത്തിവലിക്കുന്ന അവസ്ഥക്കും പരിഹാരമാകും. വാഹനങ്ങൾ പോകുമ്പോൾ മാലിന്യം മുഴുവൻ റോഡിൽ പരക്കുന്ന അവസ്ഥയും ഇല്ലാതാവും. നഗരത്തിലെ രാജീവ് ഗാന്ധി റോഡ്, പ്ലാസ ജംക്‌ഷൻ, താണ ജംക്‌ഷൻ, ട്രെയിനിങ് സ്കൂളിന് പിൻവശം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: