വീണ്ടും പ്രണയദുരന്തം! പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനേഴുകാരിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്-മോളി ദമ്ബതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. ദേവിക പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മിഥുന് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ മിഥുന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയോട് മിഥുന് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് മിഥുനെതിരെ കേസും നിലവിലുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്.