കൊവിഡിനൊപ്പം ജീവിച്ച് അതിനെ ചെറുക്കാന്‍ പഠിക്കണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

2 / 100 SEO Score


കൊവിഡിനൊപ്പം ജീവിച്ചുകൊണ്ട് അതിനെ ചെറുക്കാന്‍ നാം പഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രത്തിന്റെശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡിനെ ചെറുക്കാന്‍ ഓരോ മനുഷ്യനും പഠിക്കണം. നമ്മളില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രായമുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. തുടക്കത്തില്‍ത്തന്നെ അസുഖങ്ങള്‍ കണ്ടുപിടിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കും. നല്ല ആരോഗ്യ ശീലങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ഇടങ്ങളായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി 1.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ  പ്രവൃത്തി വാപ്‌കോസ് എന്ന നിര്‍മാണ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങില്‍ തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ സുരേഷ് ബാബു അധ്യക്ഷനായി.  ഡിപിഎം പി കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന തെക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. സല്‍മ മഹമൂദ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സമീര്‍ പറമ്പത്ത്,നസീമ ചാമാളിയതില്‍, നെല്ലൂര്‍ ഇസ്മയില്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: