പറിക്കാനില്ല ; വാങ്ങാനുമാവില്ല ; ഓണമെത്തിയതോടെ പൂക്കള്‍ക്ക് തീവില

ഓണം എന്നാല്‍ പൂക്കള്‍ എന്ന് കൂടിയാണ് അര്‍ത്ഥം. ഭാഷയില്‍ അല്ലെങ്കിലും അനുഭവത്തിലും ശീലത്തിലും അതങ്ങനെ തന്നെയാണ്. പൂക്കള്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഓണത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നത് ഉറപ്പ്. ഓണത്തിന്‍റെ ഭാഗമായി അത്തം ഒന്ന് മുതല്‍ പത്ത് വരെയാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. എന്നാല്‍ ഇക്കുറി തിരുവോണ നാളിലെ അത്തപ്പൂക്കളം കേരളത്തിന് പൊള്ളുന്ന അനുഭവമാകുകയാണ്.തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ നടക്കുന്ന നാളെ ആളുകള്‍ ഏറ്റവും കൂടുതല്‍ നെട്ടോട്ടമോടേണ്ടി വരിക പൂക്കള്‍ക്ക് വേണ്ടി തന്നെയായിരിക്കും. ഓണമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയില്‍ ഏറെയായി ഉയര്‍ന്നു. വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.ഈ മാസം ആദ്യം 200 രൂപ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ അഞ്ഞൂറിന് മുകളിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറും 150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറുമായാണ് വില കൂടിയത്. എണ്‍പത് രൂപയായിരുന്ന റോസാപ്പൂവിന് 180 രൂപയ്ക്ക് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍, കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നീ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: