കുതിച്ചെത്തിയ കാട്ടാനക്ക് മുമ്പിൽ ധീരതയോടെ ഫോറസ്റ്റ് ഡ്രൈവർ: രക്ഷിച്ചത് രണ്ട് ജീവൻ

ഇരിട്ടി : വനംവകുപ്പ് ഡ്രൈവറുടെ ധൈര്യവും ആത്മവിശ്വാസവുമാണ് ആറളം വനംവകുപ്പിലെ രണ്ട് വാച്ചർ മാരുടെ ജീവൻ രക്ഷിക്കാനിടയാക്കിയത്. മുഴക്കുന്ന് പഞ്ചായത്തിലെ ഹാജിറോഡിന് സമീപം ഇറങ്ങിയ കാട്ടാനയെ ഇവിടെ നിന്നും തുരത്തി കാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം. ആനയിറങ്ങിയത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ ആയിരുന്നു എന്നതുകൊണ്ടുതന്നെ വനം വകുപ്പും പോലീസും നിരന്തരം ജാഗ്രതയിലായിരുന്നു. ഹാജിറോഡ് – അയ്യപ്പൻകാവ് റോഡിന്റെ ഒരുവശത്തെ പുല്ലുകൾ നിറഞ്ഞ വിശാലമായ സ്ഥലത്തു നിലയുറപ്പിച്ച കാട്ടാന ഇടയ്ക്കു റോഡിലേക്കും ഇതിനു എതിർവശത്തുള്ള പറമ്പിലേക്കും മാറിമാറി സഞ്ചരിച്ചുകൊണ്ടിരുന്നു. രാവിലെ ഒരു തവണ പോലീസ് ജീപ്പ് ലക്ഷമാക്കി ഓടുകയും ചെയ്തു. അതിവേഗത്തിൽ ഓടിച്ചുപോയി ജീപ്പിനു പിറകെ ഓടിയെങ്കിലും ആന തിരിച്ചു പോയി.

ഇതുകഴിഞ്ഞു ഒരു മണിക്കൂറിനു ശേഷമായിരുന്നു ആന റോഡിലൂടെ വനം വകുപ്പിലെ രണ്ട് വാച്ചർമാർക്ക് പിറകേ ഓടിയത്. ആറളം ഫോറസ്റ്റിലെ ഡ്രൈവർ എം.ജി. മഞ്ചുംദാർ റോഡിൽ ആനക്ക് മുന്നിലായി നിർത്തിയിരുന്ന ജീപ്പ് മുന്നോട്ടെടുത്ത് ആനയുടെ നേരെ ഓടിക്കുകയായിരുന്നു. എന്നാൽ വാഹനം കണ്ട് വാച്ചർ മാരെ വിട്ട് നേരെ ജീപ്പിനടുത്തേക്ക് ഓടിയടുത്ത ആന ജീപ്പിന്റെ മുന്നിൽ ആഞ്ഞുകുത്തി. ജീപ്പ് കൊമ്പിൽകോർത്തശേഷം റോഡിനെ കുറുകേ ഇട്ട് ഒഴിഞ്ഞുപോവുകയായിരുന്നു. വാഹനത്തിനകത്തു ദ്രവരെ കൂടാതെ വനം വകുപ്പിലെ ഉദ്യോഗസ്ഥൻ ആർ .ആർ. രാജീവനും ഉണ്ടായിരുന്നു. സാധാരണ ഇത്തരം വാഹനങ്ങൾ കണ്ടാൽ ആനകൾ മാറിപ്പോവുകയാണ് പതിവെന്ന് ഡ്രൈവർ മഞ്ചുംദാർ പറഞ്ഞു. അതേസമയം ആന വാഹനത്തെ ആക്രമിച്ചപ്പോൾ വാഹനം ഓഫാകാതിരുന്നതും ധൈര്യവുമാണ് തങ്ങളുടെ ജീവൻ രക്ഷപ്പെടാൻ കാരണമെന്ന് ഡ്രൈവർ പറഞ്ഞു. തങ്ങളുടെ പ്രവർത്തിമൂലം രണ്ട് ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ശ്വാസമടക്കി കണ്ടുനിന്ന വനം വകുപ്പ് , പോലീസ് ഉദ്യോഗസ്ഥരും, മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ് അടക്കമുള്ള പഞ്ചായത്തധികൃതരും മഞ്ചുംദാറിനെ അഭിനന്ദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: