പിഴ ചുമത്തുന്നത് മഹാഅപരാധമല്ല;പൊലീസിന്‍റേത് ത്യാഗം

തിരുവനന്തപുരം: കേരളത്തിൽ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ക്ലീൻ ചിറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.

അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പൊലീസ് അതിക്രമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പശുവിനെ മേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂപ്പനും മകനും സി.പി.എം അനുഭാവികളായിരുന്നു. പാര്‍ട്ടിയുമായി തെറ്റിയതാണ് പൊലീസ് നടപടിക്ക് കാരണമെന്ന് എന്‍ ഷംസുദീന്‍ എം.എൽ.എ ആരോപിച്ചു. ഭ്രാന്തുപിടിച്ച പൊലീസ് നാട്ടില്‍ മുഴുവന്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഞായറാഴ്ചയാണ് ഷോളയൂര്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമമുണ്ടായത്. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്മുരുകന്റെ പതിനേഴുവയസുള്ള മകനെ പൊലീസ് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്

പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പൊസ് ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസ് നാടിനെതിരായ സേനയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പോലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തിൽ അടക്കം അത് കണ്ടു. മഹാമാരി കാലത്തും പോലീസ് പ്രവർത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുത്. പൊലീസ് ചെയ്യുന്നത് സർക്കാർ ഏൽപ്പിച്ച ചുമതലയാണ്.

ത്യാഗ പൂർണ്ണമായ പൊലീസിന്റെ പ്രവർത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാര വൽക്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാര വേലയാണ്. ഏറ്റവും നല്ല ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. അതിൽ പോലീസിന് ഉള്ള പങ്ക് പ്രധാനം. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. നാട്ടിൽ ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് പോലീസിന് എതിരായ പ്രചാരണത്തിന് പിന്നിൽ. അട്ടപ്പാടിയിൽ പോലീസിനെ തടയാൻ വരെ ശ്രമം ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: