ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഇതിനകം വിതരണം ചെയ്തത് അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകള്‍

0

കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് ഇതിനകം വിതരണം ചെയ്തത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക്-പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വകലാശാല ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരെയെല്ലാം കോര്‍ത്തിണക്കിയാണ് ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനുളള ക്യാമ്പയിന്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റുമായി 53 ലക്ഷം രൂപയുടെ കൂപ്പണുകള്‍ ഇതിനകം വിതരണം ചെയ്തു. 500 രൂപയുടെ 10,000 കൂപ്പണുകളും 1000 രൂപയുടെ 300 കൂപ്പണുകളുമാണ് ജില്ലയില്‍ ഇതിനകം ചെലവായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഓഫീസ് മേധാവികള്‍ വഴി കൂപ്പണുകള്‍ നല്‍കുകയും ജീവനക്കാരില്‍ നിന്ന് തുക മുന്‍കൂട്ടി ശേഖരിക്കുകയുമാണ് ചെയ്യുന്നത്. ഈ കൂപ്പണുകളുമായി ഖാദി വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിയാല്‍ 30 ശതമാനം വിലക്കുറവില്‍ വിവിധ ഖാദി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നതെന്ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ വി ഫാറൂഖ് അറിയിച്ചു. ഓണക്കോടി എടുക്കാനും മറ്റുമായി നിരവധി പേരാണ് ഖാദി വില്‍പ്പന കേന്ദ്രങ്ങളില്‍ കൂപ്പണുകളുമായി എത്തുന്നത്.
ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും അവ വാങ്ങി നല്‍കുകയും ചെയ്യണമെന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്. അതോടൊപ്പം ജില്ലയിലെ അനാഥ മന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയായി ഖാദി വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാനും അവസരമുണ്ട്.
അതിനിടെ, തലശ്ശേരി ബിഇഎംപി സ്‌കൂളിലെ ഹാര്‍ട്ട് ബീറ്റ്സ് എന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 1000 രൂപയുടെ 200 കൂപ്പണുകള്‍ വാങ്ങും. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്ത് 10) ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ എഡിഎം കെ കെ ദിവാകരന്‍ നിര്‍വഹിക്കും. കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ താവക്കര കാംപസില്‍ ആരംഭിക്കുന്ന ഖാദി ഓണം മേള ആഗസ്ത് 11ന് രാവിലെ 10.30ന് വൈസ് ചാന്‍സ്ലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading