കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി ഇ പി ജയരാജന്‍

5 / 100 SEO Score

കണ്ണൂർ ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി ജയരാജന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍  തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ കണ്ണൂര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അഭിനന്ദനാര്‍ഹമായ നേട്ടം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണം.  സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകള്‍ ജില്ലയില്‍ ഉണ്ടാവുന്നുണ്ട്. ഇത് വര്‍ധിക്കാതിരിക്കാന്‍ നല്ല ജാഗ്രത വേണം. സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ശക്തമായ പ്രതിരോധ ക്രമീകരണങ്ങള്‍ ഉണ്ടാവണം. ഒരിടത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന നില പാടില്ല. എല്ലായിടത്തും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്നു ഉറപ്പാക്കാന്‍ പൊലീസും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. 
മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം. ഇവിടെ നിന്ന് രോഗം പകരുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 
അതിഥി തൊഴിലാളികള്‍ പല സ്ഥലങ്ങളിലും മടങ്ങി എത്തുന്നുണ്ടെന്നും ഇവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പു വരുത്താന്‍ നടപടി എടുക്കണമെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ഡിഎംഒ ഡോ. കെ നാരായണ നായ്ക്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: