കൊവിഡ് പ്രതിരോധം: മികച്ച പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ജില്ല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റവുമായി കണ്ണൂര്‍ ജില്ല. ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള രോഗികളുടെ എണ്ണം  സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള ജില്ല കണ്ണൂര്‍ ആണ്. 10 ലക്ഷം പേരില്‍ 76 പേര്‍ക്കാണ് ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ 10 ലക്ഷം പേരില്‍ 596 പേരാണ് പുതിയ രോഗ ബാധിതര്‍. തിരുവനന്തപുരം ജില്ലയില്‍ ഇത് 551 ഉം ആലപ്പുഴയില്‍ 312 ഉം ആണ്. കൊല്ലം ജില്ലയാണ് കുറവുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 10 ലക്ഷം പേരില്‍ 99 പേര്‍ക്കാണ് ഇവിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിലാണ് കുറവ്, 2.3 ശതമാനം. കൊല്ലം, ഇടുക്കി ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ്. 2.1 ശതമാനമാണ് ഇവിടങ്ങളിലെ നിരക്ക്.  മലപ്പുറം ജില്ലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ 10.3 ശതമാനം. കാസര്‍കോട് ജില്ലയില്‍ ഇത് 10.1 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 9.2 ശതമാനവുമാണ്. രോഗം ഇരട്ടിക്കാന്‍ ഏറ്റവും കുടുതല്‍ സമയമെടുക്കുന്നതും കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട് ജില്ലയില്‍ 11 ദിവസം കൊണ്ടും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 13 ദിവസം കൊണ്ടും രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോള്‍ 36 ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ രോഗം ഇരട്ടിക്കാനെടുക്കുന്നത്.
ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ 14 ശതമാനം കിടക്കകള്‍ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ബാക്കി 86 ശതമാനം കിടക്കകളിലും നിലവില്‍ രോഗികളില്ല. സംസ്ഥാനത്ത് തന്നെ ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവ് രോഗികളുള്ളതെന്നതും ശ്രദ്ധേയമാണ്. വയനാട് ജില്ലയില്‍ 79 ശതമാനം കിടക്കകളിലും കാസര്‍കോട് ജില്ലയില്‍ 72 ശതമാനം കിടക്കകളിലും ഇതിനോടകം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കാന്‍ ജില്ലയില്‍ നടത്തുന്ന കര്‍ശന നിയന്ത്രണങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്   നേട്ടം.  ഹോം ക്വാറന്റയിന്‍ വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ കഴിഞ്ഞതും സാമൂഹ്യ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞതുമാണ് ജില്ലയിലെ സ്ഥിതി മെച്ചപ്പെട്ട നിലയില്‍ ആകാന്‍ കാരണം.
നിലവില്‍ 397 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. വീടുകളില്‍ 8538 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 37974 സാമ്പിളുകളാണ് ഇതിനോടകം പരിശോധനയ്ക്കയച്ചിരിക്കുന്നത്. കോവിഡ് 19മായി ബന്ധപ്പെട്ട് ആകെ 78762 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇതിനോടകം നിരീക്ഷണത്തില്‍ കഴിഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: