മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിന് ബസ്സിടിച്ച് മാധ്യമ പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: അമിത വേഗതയില്‍ വരികയായിരുന്ന ബസ് മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് കടകളില്‍ ഇടിച്ചുകയറി കടകള്‍ തകര്‍ത്തു. അപകടത്തിനിടയാക്കിയ ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് കാലത്ത് 6.45ന് പള്ളിക്കുന്ന് പോസ്റ്റോഫീസ്ബസ്‌സ്റ്റോപ്പിനടുത്താണ് അപകടം. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ഗോപി, ക്യാമറാമാന്‍ ജിഷ്ണു, ഡ്രൈവര്‍ പി. ടി സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കും പുറത്തും കൈക്കും മറ്റുമാണ് പരിക്ക്. ഇവരെ കണ്ണൂര്‍ എ. കെ. ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ത്തു. സമീപത്തെ കടകളുടെ മേല്‍കൂരയും ഷട്ടറും തകര്‍ന്നിട്ടുണ്ട്. മോട്ടോര്‍ ബെല്‍ഡിംഗ് കടകളാണ് തകര്‍ന്നത്. ഷട്ടറടക്കം തകര്‍ന്നിട്ടുണ്ട്. പ്രദീപ് ബാബുവിന്റെയും കെ വി ബിജുവിന്റെയുമാണ് കടകള്‍. ഇതിന്റെ മുകളില്‍ പി. പി മുകുന്ദന്‍ സ്മാരക ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനകത്ത് കിടന്നുറങ്ങുകയായിരുന്ന രാമചന്ദ്രന്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അഴീക്കല്‍, കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന അജ്‌വ ബസാണ് അപകടമുണ്ടാക്കിയത്. മറ്റൊരു ബസിനെ അശ്രദ്ധമായി മറികടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വരുന്ന ബസ് കണ്ട് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിടുകയായിരിന്നു. നിര്‍ത്തിയിട്ട കാറിനെയാണ് ഇടിച്ച് തെറിപ്പിച്ചത്. സിനിമയെ വെല്ലുന്ന തരത്തില്‍ കാര്‍ പൊങ്ങി ഉയര്‍ന്നു. എതിര്‍ദിശയിലേക്ക് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു തരിപ്പണമായി. വളപട്ടണത്തെ പ്രളയ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ടതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഓടിമറയുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ബസില്‍ പതിനഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ക്ക് നിസാരമായ പരിക്കേറ്റു. ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: