കക്കാട് കാറ്റിൽ മരം വീണു തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടതു അഴുകിയ മൃതദേഹവും അതിനു കാവലിരിക്കുന്ന സഹോദരിയെയും

കണ്ണൂർ∙കാറ്റിൽ മരം വീണു തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടതു വയോധികയുടെ അഴുകിയ മൃതദേഹവും അതിനു കാവലിരിക്കുന്ന സഹോദരിയെയും. കക്കാട് കോർജാൻ യുപി സ്കൂളിന് സമീപത്തെ കുയ്യാറ്റിൽ വീട്ടിലാണ് 66 കാരിയായ രൂപയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചു ദിവസങ്ങളായതായാണു സൂചന. മൃതദേഹത്തിനു സമീപം ഇരിക്കുകയായിരുന്ന സഹോദരി പ്രഫുല്ലയെ (55) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ വീശിയടിച്ച കാറ്റിൽ വീടിനു മുകളിൽ മരം വീണിട്ടുണ്ടെന്നും വീടിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്നും പരിസരവാസികൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്.

മരം മുറിച്ചു മാറ്റാൻ അകത്തു കയറിയ രക്ഷാപ്രവർത്തകരാണ് അഴുകിയ നിലയിലുള്ള മൃതദേഹവും കാവലിരുന്ന സ്ത്രീയെയും കണ്ടെത്തിയത്. തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രഫുല്ലയ്ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും വീടിനു പുറത്ത് വല്ലപ്പോഴും മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ എന്നു പരിസരവാസികൾ പറയുന്നു.

വീടിന്റെ ഗേറ്റ് എപ്പോഴും പൂട്ടിയിടും. ആരെയും പ്രവേശിപ്പിക്കാറില്ല. മരിച്ച രൂപയെ 8 മാസം മുമ്പ് വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രഫുല്ല ബഹളം വെച്ചതിനെ തുടർന്നു രൂപയെ പെട്ടെന്നു തന്നെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടി വന്നതായി കൗൺസിലർ ഇ.ബീന, എം.വി.സഹദേവൻ എന്നിവർ പറഞ്ഞു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി രാത്രി വൈകി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: