കൊവിഡ് നിയന്ത്രണം: എല്ലാ മാര്‍ക്കറ്റുകളിലും ലോറി ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കാന്‍ നിര്‍ദേശം

കണ്ണൂര്‍ ജില്ലയിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും ചരക്കുമായി എത്തുന്ന ലോറികളിലെ ജീവനക്കാര്‍ക്ക് വിശ്രമത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ബന്ധപ്പെട്ട വ്യാപാരികള്‍ ഒരുക്കണമെന്ന് നിര്‍ദേശം. കൊവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി. വ്യവസായ വകുപ്പ് മന്ത്രി പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി വരുന്ന ലോറികളിലെ ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും മാര്‍ക്കറ്റുകളില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലാവുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു ക്രമീകരണം നിര്‍ദേശിക്കുന്നതെന്ന് മന്ത്രി പി ജയരാജന്‍ പറഞ്ഞു. കഴിയാവുന്ന വേഗത്തില്‍ തന്നെ ചരക്ക് ഇറക്കി ലോറികളെ വിടുന്നതിന് ചുമട്ട് തൊഴിലാളികളും വ്യാപാരികളും ആലോചിച്ച് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണം. ലോറി ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം അതത് മാര്‍ക്കറ്റുകളിലെ വ്യാപാരികള്‍ ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഇങ്ങനെ വന്നാല്‍ രോഗവ്യാപനം വര്‍ധിക്കുന്ന നിലയുണ്ടാകും. ലോറി ഡ്രൈവര്‍മാരില്‍ ഇതരസംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ളവരടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിനെ തുടര്‍ന്ന് വ്യാപാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വലിയതോതില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. ഓരോ സ്ഥാപനവും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുമ്പോള്‍ അവശ്യ സാധനങ്ങളുടെ വില്‍പ്പനക്കുള്ള സൗകര്യം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതിന്റെ ഭാഗമായി പച്ചക്കറിയും ഭഷ്യ സാധനങ്ങളും നശിച്ചുപോകുന്ന സ്ഥിതിയുണ്ടാകുന്നതായി വ്യാപാരികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ജില്ലാ ഭരണകൂടവും പൊലീസും തദ്ദേശസ്ഥാപനവും വ്യാപാരികളും ആലോചിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കി കൊണ്ടുള്ള ക്രമീകരണങ്ങള്‍ ഇതിനായി ചെയ്യണം.
ചരക്ക് ലോറികളില്‍ നിന്ന് അതത് ദിവസം തന്നെ മുഴുവന്‍ ചരക്കും ഇറക്കാന്‍ കഴിയും വിധം സമയം ക്രമീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. കയറ്റിറക്ക് തൊഴിലാളികള്‍ക്ക് മാസ്‌ക്കും കൈയ്യുറകളും സാനിറ്റൈസറും നല്‍കാന്‍ തൊഴില്‍ കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കണമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സി സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, വിവിധ വ്യാപാരി സംഘടനാ നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: