സി പി എം പ്രവര്‍ത്തകരുടെ ശല്യം സഹിക്കാനാവുന്നില്ല : തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

സി പി എം പ്രവര്‍ത്തകരുടെ ശല്യം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം നടത്തി. തന്നെ അക്രമിച്ച സംഭവത്തില്‍ മൂന്നു മാസം കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്തതിലും നിരന്തരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദ്രോഹിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. തളിപ്പറമ്പ് പോലീസ് വൈകുന്നേരം അഞ്ച് മണി വരെ. എട്ട് മണിക്കൂര്‍ നേരം നിരാഹാര സഹനസമരം നടത്തുവാനായി കോണ്‍ഗ്രസ് കൊടിയും ബാനറുമായാണ്തളിപ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ ജോസ് ജോസഫ് തോണിക്കുഴി രാവിലെ ഒന്‍പത് മുതല്‍ പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയില്‍ മഴയില്‍ കുത്തിയിരുന്നത്.കഴിഞ്ഞ മാര്‍ച്ച്‌ 29 ന് വീട്ടിന് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍ വീടിന് മുന്നില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചത് ചോദ്യം ചെയ്തതിന് സി പി എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ജോസിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പോലീസ് വന്ന് മൊഴിയെടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരു ഭൂമിയിടപാട് കേസില്‍ ജയിംസ് മാത്യു എം എല്‍ എ യുടെ ഇടപെടല്‍ അംഗീകരിക്കാതെ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്തതിന്റെ പ്രതികാരമായി സി പി എമ്മുകാര്‍ നിരന്തരമായി തന്നെയും കുടുംബത്തേയും പീഡിപ്പിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.പി.ഷൈന്‍ ഇടപെട്ട് സംസാരിച്ചുവെങ്കിലും ജോസ് നിരാഹാരം തുടര്‍ന്നു.
സി ഐയുമായി സംസാരിക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവെങ്കിലും സിഐ ഇവിടെ വന്ന് തന്നെ കാണണമെന്ന നിലപാടാണ് ജോസ് സ്വീകരിച്ചത്. സി പി എം പ്രവര്‍ത്തകരുടെ പല വിധത്തിലുള്ള ശല്യം കാരണം ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും, ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്നും ജോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: