സെന്‍ട്രല്‍ ജയിലുകളില്‍ ശുദ്ധീകരണം ; 150 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തടവുകാരില്‍ നിന്ന് ലഹരിമരുന്നും ആയുധങ്ങളും മൊബൈല്‍ഫോണുകളും പവര്‍ബാങ്കുകളും വന്‍തോതില്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ശുദ്ധികലശം തുടങ്ങി.മൂന്നു വര്‍ഷത്തിലേറെയായി ഒരേ ജയിലില്‍ ജോലി ചെയ്തിരുന്ന 150 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അസിസ്​റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഗേ​റ്റ് കീപ്പര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എന്നിവരെയാണ് മാറ്റിയത്. പലരും പത്തും പതിനഞ്ചും വര്‍ഷമായി ഒരേ ജയിലില്‍ തന്നെയുണ്ടായിരുന്നവരാണ്. കണ്ണൂരില്‍ നിന്ന് 50 പേരെയാണ് മാറ്റിയത്. ജയില്‍ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളെയും സ്ഥലംമാറ്റിയിട്ടുണ്ട്. കണ്ണൂര്‍, തൃശൂര്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തടവുകാരുടെ പക്കല്‍ നിന്ന് എഴുപതോളം സ്‌മാര്‍ട്ട് ഫോണുകളും കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു.ജയില്‍ ശുദ്ധീകരണത്തിന് ഋഷിരാജ് സിംഗിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുണ്ട്. തെ​റ്റുതിരുത്തല്‍ കേന്ദ്രങ്ങളാകേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്റി മുന്നറിയിപ്പു നല്‍കിയിരുന്നു. ജില്ലാ ജയിലുകളിലെയും സബ്‌ജയിലുകളിലെയും ഉദ്യോഗസ്ഥരെയും സ്ഥലംമാ​റ്റുന്നത് അടക്കമുള്ള നടപടികളും ആലോചിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഒരേ ജയിലില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പട്ടിക ശേഖരിച്ചു വരികയാണ്.ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആറു പേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്. അതിനിടെ, സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെയുള്ള സ്ഥലംമാ​റ്റം തങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: