ജനകീയ ജൈവ വൈവിധ്യ പഠനം സംഘടിപ്പിച്ചു

കൊളച്ചേരി :-കൊളച്ചേരി പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പാടീ തീർത്ഥം ഉൾപ്പെടുന്ന പാടീ കുന്ന് പ്രദേശത്ത് ജനകീയ ജൈവ വൈവിധ്യ പഠനം നടത്തപ്പെട്ടു.

പഠനത്തിൽ 200 ഓളം അപൂർവ്വയിനം സസ്യ ജാലങ്ങളെയും 20 ഓളം അപൂർവ്വയിനം ചിത്ര ശലഭങ്ങളെയും കണ്ടെത്താൻ സാധിച്ചു .

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വിസി ബാലകൃഷ്ണൻ പഠനത്തിന് നേതൃത്വം നൽകി.

രാവിലെ 9 മണിയോടെ ആരംഭിച്ച പഠനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. താഹിറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രമീള സന്നിഹിതയായിരുന്നു.

കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടു വരുന്ന സസ്യജാലങ്ങളായ നാഗവള്ളി, വേട്ടുവ കുറ്റി, പശ്ചിമ ഘട്ടത്തിലെ സ്ഥാനീക സസ്യങ്ങളായ ചേര്, മര ചെത്തി, കുറും കനി, കുഞ്ഞതിരാണി, ഏകനായകം ,റൊട്ടാല, പാറമുള്ള്, കാർത്തോട്ടി, കരിയില വള്ളി എന്നീ സസ്യങ്ങളും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പാറകളിൽ പറ്റിപ്പിടിച്ചു വളരുന്ന ബിഗോണിയ മലബാറിക്കയും ഈ പ്രദേശത്ത് സമൃദ്ധമായി വളരുന്നതായി പഠനത്തിൽ ബോധ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും, പശ്ചിമ ഘട്ട സ്ഥാനീകവും വന്യജീവി നിയമത്തിന്റെ ഉയർന്ന പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതുമായ പുളളി വാലൻ, ബുദ്ധ മയ്യൂരി, ചക്കര റോസ്, ആവണ ചോപ്പൻ ശലഭങ്ങൾ അടക്കം 20 ഓളം അപൂർവയിനം ചിത്രശലഭങ്ങളെയും ഇവിടെ കാണപ്പെട്ടു.

ചിത്ര ശലഭങ്ങളെ കുറിച്ചും പുൽ വർഗ്ഗങ്ങളെ കുറിച്ചും ഉള്ള രണ്ടാം ഘട്ട പഠനം ആഗസ്ത് മാസത്തിൽ നടത്താനും തീരുമാനിച്ചു.ആറളം വന്യജീവി സങ്കേതത്തിലെ ചീഫ് ഫാക്കൽട്ടി രാമചന്ദ്രൻ പട്ടാന്നൂർ, ഗവ. വുമൺ ട്രെയിംങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ എൻ,വി.വി ശ്രീനിവാസൻ മാസ്റ്റർ, ഭാസ്കരൻ നണിയൂർ ,ഭാർഗവൻ പറശ്ശിനി കടവ്, രമേശൻ നണിയൂർ, സി ഒ ഹരീഷ്, വി വി സുമേഷ്, ശ്രീജേഷ് എൻ കെ, ഷിവിൻ, ഉമേഷ്, എന്നിവരും കമ്പിൽ ഹയർ സെക്കന്റ്റി സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ സുനിൽ കുമാർ പി വി, എ.കെ ആനന്ദ് എന്നിവരും കമ്പിൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികളും ഗവ. ട്രെയിനിംങ് സ്കൂളിലെ വിദ്യാർത്ഥികളും, പാടീ തീർത്ഥ സംരക്ഷണ സമിതി പ്രവർത്തകരും, പരിസ്തിതി പ്രവർത്തകരും നാട്ടുകാരും അടക്കം നൂറ്റമ്പതോളം പേർ പഠനത്തിൽ പങ്കെടുത്തു.

ജനകീയ ജൈവ വൈവിധ്യ പഠനം വൈകുന്നേരത്തോടെ സമാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: