പ്രാർത്ഥന ഫലിച്ചു; ഗുഹയിൽ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തി മഹാദൗത്യത്തിന് വിജയ സമാപ്തി

മെസായി: ഒടുവിൽ ലോകത്തിൻറെ പ്രാർത്ഥന ഫലിച്ചു. തായ്​ലാൻറിലെ ഗുഹയിൽ കഴിഞ്ഞിരുന്ന 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. കോച്ചിനെയും ഒരു കുട്ടിയെയും അൽപസമയം മുമ്പാണ് ഗുഹക്ക് പുറത്തെത്തിച്ചതെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയെയും കോച്ചിനെയും കൂടാതെ ഗുഹയിൽ കഴിയുന്ന ഡോക്ടറും മൂന്ന് മുങ്ങൽ വിദഗ്ധരുമാണ് അവസാനമായി പുറത്തുവന്നത്. പ്രാദേശിക സമയം 4.06നാണ് ഒമ്പതാമത്തെ കുട്ടിയും തുടർന്ന് മറ്റ് കുട്ടികളും പുറംലോകം കണ്ടത്. അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നൽകാൻ ഹെലികോപ്റ്റർ മാർഗം ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. രാവിലെ 10.08നാണ് നാലു കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങൽ വിദ്ഗധരുടെ മൂന്നാംഘട്ട ദൗത്യം തുടങ്ങിയത്. വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. 

ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്ക് പോഷകാഹാരക്കുറവും നിർജലീകരണവുമുള്ളതിനാൽ ഒരാഴ്ച കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. ആദ്യം പുറത്തെത്തിച്ച നാല് കുട്ടികളെ കാണാൻ രക്ഷിതാക്കളെ അനുവദിച്ചു. അണുബാധയുണ്ടാകുമെന്നതിനാൽ ദൂരെ നിന്നാണ് ഇവർ കുട്ടികളുമായി സംസാരിച്ചത്. എല്ലാ കുട്ടികളും ഇപ്പോഴും സൺഗ്ലാസുകൾ ധരിച്ചാണ് ആശുപത്രിയിൽ കഴിയുന്നത്. വരും ദിവസങ്ങളിൽ ഗ്ലാസുകൾ നീക്കം ചെയ്യുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: