സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാനിരുന്ന അനുജനും കുഴഞ്ഞുവീണ് മരിച്ചു

ദോഹ- കുഴഞ്ഞുവീണു മരിച്ച സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കാനിരുന്ന

അനുജനും കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് വട്ടേക്കാട് പരേതനായ കെ.ടി അബ്ദുല്ലയുടെ മക്കളായ മഞ്ഞിയില്‍ ഇര്‍ഷാദ് (50), മഞ്ഞിയില്‍ റിസാലുദ്ദീന്‍ (47) എന്നിവരാണ് മരിച്ചത്.
അടുത്തയാഴ്ച നാട്ടിലേക്കു പോകുന്നതിന് ഒരുങ്ങിയിരുന്ന ഇര്‍ഷാദ് കഴിഞ്ഞ ദിവസമാണ് കുഴഞ്ഞുവീണു മരിച്ചത്. ദോഹയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഇര്‍ഷാദ് കാറില്‍നിന്ന് ഇറങ്ങിയ ഉടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സഹോദരന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ക്കു ശേഷം എമിഗ്രേഷന്‍ കാര്‍ഗോ സെക്ഷനില്‍ സീല്‍ ചെയ്യിപ്പിക്കാന്‍ എത്തിയതായിരുന്നു റിസാലുദ്ദീന്‍. പെട്ടന്നു കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് റിസാലുദ്ദീന്‍ മരിച്ചത്.
ഇര്‍ഷാദിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തും. രാവിലെ ഒമ്പത് മണിക്ക് വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. അഹമ്മദ് ആശുപത്രിയില്‍ മോര്‍ച്ചറിയിലുള്ള റിസാലുദ്ദീന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അടുത്ത ദിവസം നാട്ടിലെത്തും. രണ്ടുപേരുടെയും ഭാര്യമാരും മക്കളും ഖത്തറിലാണുള്ളത്. ഇര്‍ഷാദിന്റെ ഭാര്യ ഷഹര്‍ബാന്‍ ബഖറയിലെ ആശുപത്രി ജീവനക്കാരിയാണ്. മകള്‍: ഇഷ.

error: Content is protected !!
%d bloggers like this: