ഓണ്‍ലൈന്‍ പഠനം; പ്രശ്‌നങ്ങള്‍ക്ക്
തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കാണും

കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 3605 കുട്ടികളാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇലക്ട്രിസിറ്റി, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അര്‍ഹരായ കുട്ടികളെ കണ്ടെത്തണമെന്ന് പി പി ദിവ്യ പറഞ്ഞു.  സ്‌കൂളുകളില്‍ നിയമിതരായ നോഡല്‍ ഓഫീസര്‍മാര്‍, പഠന സഹായ സമിതി, വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡ് ജാഗ്രത സമിതികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. അര്‍ഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ക്വാറികളില്‍ നിന്ന് ഈടാക്കുന്ന പിഴതുക ഉപയോഗിച്ച് പഠനസഹായം ഒരുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ സാധ്യതകള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ കിടപ്പു രോഗികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ വീടുകളില്‍ ചെന്ന് ലഭ്യമാക്കുക. തദ്ദേശ സ്ഥാപനതലത്തില്‍ ഇത്തരത്തിലുള്ള രോഗികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ജൂണ്‍ 15ന് മുമ്പ് വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറി വി ചന്ദ്രന്‍, ഡിഡിഇ സി മനോജ്കുമാര്‍, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ഡോ. ബി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: