ഇരിട്ടി നഗരസഭാ ഓഫീസിന് മുന്നിലെ തണൽമരം വെട്ടി

ഇരിട്ടി: പുന്നാട് ടൗണിൽ തണല്മരത്തിന്റെ ശിരച്ഛേദം നടത്തി സാമൂഹ്യ ദ്രോഹികൾ. നഗരസഭാ മന്ദിരത്തിന് മുന്നിലായി തണൽ വിരിച്ച് നിന്നിരുന്ന മരത്തിന്റെ ശിഖരങ്ങളെല്ലാം മുറിച്ചു മാറ്റിയ നിലയിലാണ് ബുധനാഴ്ച രാവിലെ കാണപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് ലോക പരിതസ്ഥിതി ദിനത്തിൽ നാടെങ്ങും മരങ്ങൾ നടുകയും പ്രകൃതി സ്നേഹം വെളിവാക്കുകയും ചെയ്ത നാട്ടിലാണ് മൂന്ന് ശിഖരങ്ങളായി കടുത്ത വേനലിൽ തണലേകിനിന്ന മരത്തിന്റെ തല സാമൂഹ്യ ദ്രോഹികൾ മുറിച്ചുമാറ്റിയത്. തണൽ വിരിച്ചു നിന്ന ബദാം മരത്തിന്റെ മൂന്ന് ശിഖരങ്ങളും മുറിച്ചു മാറ്റിയ നിലയിലാണ്.
നഗരസഭാ ഓഫീസിൽ എത്തുന്നവർ ബസ് കാത്തു നില്ക്കുന്നതും കാൽ നടയാത്രക്കാർ വേനൽകാലത്ത് കൊടും ചൂടിൽ നിന്നും രക്ഷ തേടി അല്പം വിശ്രമിക്കുന്നതും ഇതിന്റെ ചുവട്ടിലാണ്. കെ എസ് ടി പി റോഡ് നിവീകരണത്തിന്റെ ഭാഗമായി പ്രധാന ടൗണുകളിൽ നടപ്പാത സിമന്റ് കട്ടപാകി നവീകരിക്കുമ്പോൾ ഈ ബദാം മരം മുറിക്കാതെ സംരക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഒൻമ്പത് മണിക്ക് ശേഷമാണ് മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയത് എന്നാണ് നാട്ടുകാർ പറയുന്നത് . വെട്ടിമാറ്റിയ മരത്തിന്റെ ശിഖരങ്ങൾ സമീപത്തെ കടയ്ക്ക് പുറകിൽ കാട്ടിൽ കൊണ്ട് തള്ളിയ നിലയിലാണ്.
റോഡ് വികസനത്തിന്റെ ഭാഗമായി അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി മുതൽ പുന്നാട് വരെയുള്ള ഭാഗങ്ങളിലെ റോഡിന് ഇരു വശങ്ങളിലേയും കൂറ്റൻ മരങ്ങൾ മുറിച്ചു നീക്കിയിരുന്നു. മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് ആനുപാതികമായി നിർമ്മാണ പ്രവ്യത്തി പൂർത്തിയാകുമ്പോൾ മരം വെച്ച് പിടിപ്പിക്കുന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നു . എന്നാൽ ഇതുവരെ മരം നട്ടുപിടിപ്പിക്കന്ന പ്രവർത്തി അധികൃതർ ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് റോഡരികുകളിൽ അവശേഷിക്കുന്ന മരങ്ങളും നശിപ്പിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്.
അതേസമയം നഗരസഭാ ഓഫീസിന് മുന്നിലെ തണൽ മരം മുറിച്ചു മാറ്റിവരെ കണ്ടെത്തണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ആവശ്യപ്പെട്ടു. ചെയർ പേഴ്‌സനും അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി . സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത് . നഗരത്തിലെ സി സി ക്യാമറകൾ പോലീസ് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ , പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെർമാൻ, കെ.സുരേഷ് , അംഗങ്ങളായ വി.പി. അബ്ദുൾ റഷീദ്, കെ. മുരളീധരൻ എന്നിവരും ചെയർപേഴ്‌സനൊപ്പം ഉണ്ടായിരുന്നു. ഇരിട്ടി പോലീസും സ്ഥലത്ത് പരിശോധന നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: