എ.സി.എം. അബ്ദുല്ല അന്തരിച്ചു;വിടവാങ്ങിയത് ക്രിക്കറ്റിലെ മാന്ത്രികൻ

തലശ്ശേരി: പ്രമുഖ കായിക സംഘാടകനും കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മുൻ സെക്രട്ടറിയുമായ എ.സി.എം.അബ്ദുല്ല (88) അന്തരിച്ചു. കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജഗതിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം പാളയം ജുമാ മസ്ജിദിൽ നടത്തി.

കേരളത്തിൻെറ കായികക്കുതിപ്പിന് മഹത്തായ സംഭാവന നൽകിയ വ്യക്തിയായിരുന്നു തിരുവനന്തപുരത്ത് ബുധനാഴ്ച നിര്യാതനായ തലശ്ശേരി സ്വദേശി എ.സി.എം. അബ്ദുല്ല. കായികാധ്യാപകനായിരുന്ന ഇദ്ദേഹം പരിചയക്കാർക്കിടയിൽ ആബു മാഷായാണ് അറിയപ്പെട്ടിരുന്നത്. തലശ്ശേരിയിലെ പ്രശസ്ത കായിക തറവാടായി അറിയപ്പെട്ട അച്ചാരത്ത് കുടുംബത്തിൽ ചൊവ്വക്കാരൻ ഓർക്കാട്ടേരി താഴത്തെ വീട്ടിൽ മക്കി കേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനായി 1933 ഏപ്രിൽ മൂന്നിനാണ് അബ്ദുല്ലയുടെ ജനനം. തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂൾ, തലശ്ശേരി സൻെറ് ജോസഫ്സ് ഹൈസ്കൂൾ, മദ്രാസ് വൈ.എം.സി.എ പി.ഇ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1951 ജൂൺ ഒന്നിന് സൻെറ് ജോസഫ്സ് ഹൈസ്കൂളിൽ അസി. ഫിസിക്കൽ എജുക്കേഷനൽ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു.തലശ്ശേരി സൻെറ് ജോസഫ്സ് സ്കൂളിൽ എൻ.സി.സി ഓഫിസറായും സേവനമനുഷ്ഠിച്ചു. ഇതിനിടെ, കേരളത്തിലെ ആദ്യത്തെ സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തി. തിരുവനന്തപുരത്തേക്ക് കുടുംബ സമേതം താമസം മാറിയ ഇദ്ദേഹം ഒമ്പത് വർഷക്കാലം കേരള സ്കൂൾസ് അത്ലറ്റിക്സ് അസോസിയേഷൻെറ സെക്രട്ടറി സ്ഥാനം അലങ്കരിച്ചു. തിരുവനന്തപുരത്ത് മൂന്ന് തവണയാണ് ഇദ്ദേഹം ദേശീയ സ്കൂൾസ് മീറ്റ് സംഘടിപ്പിച്ചിരുന്നത്. പി.ടി. ഉഷ, ഷൈനി വിത്സൺ, പത്മിനി തോമസ് തുടങ്ങിയ അന്തർ ദേശീയ താരങ്ങളുടെ ഉദയം ഇദ്ദേഹത്തിൻെറ കാലത്തായിരുന്നു. സ്കൂൾ കായികാധ്യാപകർക്ക് ഒരു മാസത്തെ ഇൻ സർവിസ് കോഴ്സ് നടപ്പാക്കിയതും മികച്ച സ്കൂൾ കായിക താരങ്ങളുടെ പരിശീലകർക്ക് ഇൻസൻെറിവ് നൽകുന്നതും ചരിത്രത്തിലാദ്യമായി നടപ്പിലാക്കിയത് ഇദ്ദേഹത്തിൻെറ നേട്ടമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി ഏഴ് വർഷക്കാലം ആബു മാസ്റ്റർ സേവനമനുഷ്ഠിച്ചു. കേരളത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമൻെറിന് ചുക്കാൻ പിടിച്ചിരുന്നത് ആബു മാസ്റ്ററായിരുന്നു. 1984ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന ഏകദിന മത്സരത്തിൻെറ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം. ബി.സി.സി.ഐയുടെ സെക്രട്ടറി ചുമതലയിലെത്തിയ എസ്.കെ. നായർ, ആബു മാസ്റ്റർ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നപ്പോൾ കെ.സി.എയുടെ ജോ. സെക്രട്ടറിയായിരുന്ന വ്യക്തിയാണ്.മാറ്റിന് പകരം കേരളത്തിൽ ആദ്യമായി ടർഫ് വിക്കറ്റ് നിർമിച്ചത് ആബു മാഷ് സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻെറ അക്കാലത്തെ സെക്രട്ടറി പരേതനായ സൈബൂസ് അബ്ദുല്ലയായിരുന്നു. തലശ്ശേരിക്കാരായ ഇവർ രണ്ടു പേരുടെയും ആത്മാർഥമായ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയുടെ ക്രിക്കറ്റ് പ്രതാപകാലം കൂടിയായിരുന്നു അക്കാലം. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. 1972ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമൻെറിൽ കേരള ടീം ക്യാപ്റ്റനായിരുന്ന പരേതനായ ബാബു അച്ചാരത്ത്, കേരള ക്രിക്കറ്റിലെയും ഹോക്കിയിലെയും മാന്ത്രികനായി അറിയപ്പെട്ടിരുന്ന അകാലത്തിൽ മൺമറഞ്ഞ പൊൻമാണിച്ചി മക്കി ഉൾപ്പെടെയുള്ളവർ ആബു മാഷിൻെറ അടുത്ത ബന്ധുക്കളാണ്. രാഷ്ട്രീയത്തിലെ അതികായരായ ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, എ.കെ. ആൻറണി തുടങ്ങിയവരുമായി അടുപ്പം പുലർത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: