പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

 

മുസ്ലിം ലീഗ് നേതാവും, എസ്.വൈ.എസ് സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുകയായിരുന്നു. ജില്ലയിലെ മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജി.

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍,സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ചിത്താരി ക്രസന്റ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു. മുംബൈ കേരള വെല്‍ഫയര്‍ ലീഗ്, മുംബൈ കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ മുന്‍പ്രസിഡന്റും റൈഫിള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായിരുന്നു. കുവൈത്ത് കെ.എം.സി.സിയുടെ ഇ അഹമ്മദ് അവാര്‍ഡ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടുമായി വലിയ ആത്മ ബന്ധം ഉണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിക്ക് പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. സമസ്തയുടേയും സുപ്രഭാതത്തിന്റേയും എല്ലാ സംരഭങ്ങളുടേയും വലിയ സഹകാരിയും സംഘാടകനുമായിരുന്നു അദ്ദേഹം.പരേതനായ ഉഡുപ്പി പേജവാര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥ ഉള്‍പ്പെടെയുള്ള ഇത്തരമത ആത്മീയ നേതാകകളുമായും അദ്ദേഹത്തിന് ആത്മ ബന്ധമുണ്ടായിരുന്നു.

ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു,മുനിയംകോട് സൈനബ് എന്നിവരുടെ മകനാണ്. ഭാര്യ:സുഹറ.മക്കള്‍: മുജീബ്,ജലീല്‍,ഷമീം,ഖലീല്‍,കബീര്‍,സുഹൈല,ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്,റൈഹാന,നിഷാന,ഷമീന,ഷമീമ,അസൂറ.സഹോദരങ്ങള്‍: അബ്ദുല്ല,ആയിശ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: