ബാലഭാസ്ക്കറിന്‍റെ മരണം; സ്വ‍‍ർണക്കടത്ത് കേസിൽ ഒളിവിലുള്ള വിഷ്ണുവിലേക്ക് കൂടുതൽ അന്വേഷണം

ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യ കണ്ണിയായിരുന്നു സ്വർണക്കടത്ത് കേസിൽ ഒളിവിലുള്ള വിഷ്ണുവെന്ന സംശയത്തിൽ ഡിആർഐ. വിഷ്ണുവിന്‍റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആർഐ പരിശോധിച്ചു തുടങ്ങി. അതേ സമയം അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു.ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആർഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാൻ ബാലഭാസ്കർ പണം നൽകിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല. ബാലഭാസ്ക്കറിന്‍റെ മരണ ശേഷമാണ് ദുബായിൽ വിഷ്ണു ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തൽ. ഇതിനുള്ള പണം എവിടെ നിന്ന് വന്നുവെന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. വിഷ്ണുവിന്‍റെ ജീവനക്കാരനാണ് ദുബായിലെ സ്വർ‍ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആ‍ർഐ കണ്ടത്തി. ആകാശ് ഷാജിയുടെ മണ്ണന്തലയിലുള്ള വീട്ടിൽ ഡിആർഐ പരിശോധന നടത്തി. സ്വർണ കടത്തിനും ഹവാലക്കുമായി ഒരു മറയായിരിക്കാം ദുബായിലെ ബിസിനസ്സെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. മാത്രമല്ല, സ്വർണ കടത്തുകാരുമായി ആദ്യ ഘട്ടത്തിൽ കരാർ ഉറപ്പിക്കണമെങ്കിലും വൻ തുക വേണം. ഈ പണത്തിന്‍റെ ഉറവിടം എവിടെ നിന്നെന്ന സംശയമാണ് അന്വേഷണ ഏജൻസികളെ ബാലഭാസ്ക്കറിന്‍റെ സാമ്പത്തിക ഇടപാടികളിലേക്ക് നയിക്കുന്നത്. അതേ സമയം ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിൽ വിശദമായ അന്വേഷണത്തിലേക്ക് ക്രൈം ബ്രാഞ്ച് കടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: