ലാപ്ടോപ്പ് മോഷണം – പ്രതികളെ പോലീസ് വലയിലാക്കിയത് 48 മണിക്കൂറിനകം

 

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും ലാപ്ടോപ്പ് മോഷ്ടിച്ച മോഷ്ടാക്കളെ 48 മണിക്കൂറിനകം തിരിച്ചറിഞ്ഞ് വലയിലാക്കാനായത് ഇരിട്ടി പോലീസിന്റെ അന്വേഷണ മികവ്. രാപ്പകലില്ലാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ഇരിട്ടിയെ ഞെട്ടിച്ച് വൻ മോഷണം നടക്കുന്നത്. എന്നാൽ ഇതിനിടയിലും മോഷണ ത്തിന്റെ ചുരുളഴിച്ച് പ്രതികളെ 48 മണിക്കൂറിനുള്ളിൽ തിരിച്ചറിയാൻ കഴിഞ്ഞത് ഇരിട്ടി പോലീസിന് ഏറെ അഭിമാനമായി മാറി. . ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ മേൽ നോട്ടത്തിൽ സി ഐ എം.പി രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് മോഷണ കേസിലെ പ്രതികളെ വലയിലാക്കിയത്. എട്ട് ലക്ഷത്തോളം വില വരുന്ന 26 ലാപ് ടോപ്പുകളായിരുന്നു മോഷണം പോയത്. ഇത്രയും വലിയ മോഷണം നടക്കണമെങ്കിൽ ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെ പ്രവർത്തിച്ചുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ് കരുതിയത്.
കഴിഞ്ഞ വർഷം സ്‌കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെടുത്തിയായിരുന്നു അന്വേഷണം ആരംഭിച്ചത് . അന്ന് മോഷണത്തിന് നേതൃത്വം കൊടുത്ത ദീപു എന്ന മോഷ്ടാവ് ജയിലിൽ നിന്നും പുറത്തിറങ്ങിയ തായി മനസിലാക്കിയ പോലീസ് അയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത് . ഇയാൾ ജയിലിൽ കഴിഞ്ഞ സമയത്തെ സഹ തടവുകാരിൽ നിന്നും മൊഴിയെടുത്തു. ഇവരിൽ നിന്നും കിട്ടിയ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കയ്യിൽ ലാപ്ടോപ്പുണ്ടെന്നും അതിന്റെ വിൽപ്പനയ്ക്ക് സഹായിക്കുമൊയെന്ന് ദീപു സഹ തടവുകാരോട് ചോദിച്ചിരുന്നു .
സ്‌കൂളിൽ നേരത്തെ മോഷണം നടത്തിയപ്പോൾ രണ്ട് ലാപ്‌ടോപ്പുകൾ മാത്രമായിരുന്നു മോഷ്ടിച്ചിരുന്നത്. കൂടുതൽ എണ്ണം എവിടെയുണ്ടെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. ആൾപാർപ്പിലാത്ത കുന്നിൻ മുകളിലെ വിജനമായ സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത്. കോമ്പൗണ്ട് വാൾ ഇല്ലെന്നതും മോഷണത്തിന് സഹായകരമെന്ന് ഇവർ കണ്ടെത്തിയിരുന്നു. ഇതെല്ലം മനസ്സിൽ കരുതി മോഷണം നടത്താനുറച്ചാണ് ലാപ് ടോപ്പ് ഉണ്ട് വിൽക്കാൻ സഹായിക്കുമോയെന്ന് സഹ തടവുകാരോട് മുൻകൂട്ടി ചോദിക്കാൻ ദീപുവിനെ പ്രേരിപ്പിച്ചത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ദീപുവിന്റെ നീക്കങ്ങൾ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ ഇരിട്ടി ടൗണിലെ ആളൊഴിഞ്ഞ വീട്ടിൽ ദീപു ഉണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെ എത്തിയാണ് പിടികൂടിയത്. ദീപുവിനൊപ്പെ മോഷണത്തിന് സഹായിച്ച മനോജും കൂടെ ഉണ്ടായിരുന്നതിനാൽ പോലീസിന് കാര്യങ്ങൾ എളുപ്പ മാക്കി. 26 ലാപ് ടോപ്പ് കൊണ്ടുപോകൻ സഹായിച്ച ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറേയും വിൽക്കാൻ സഹായിച്ച വ്യക്തിയേയും പോലീസ് നിരീക്ഷിച്ചു വരികയാണ്.
മോഷണത്തിന് രണ്ട് ദിവസം മുൻമ്പ് കൊടകരയിൽ കുഴൽപണം കവർന്ന സംഭവത്തിൽ മുഴക്കുന്ന് സ്വദേശിയുൾപ്പെടെ രണ്ടു പേരെ പിടികൂടിയ കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘത്തിന് കൈമാറിയതും ഈ അന്വേഷണ സംഘം തന്നെയായിരുന്നു. സി ഐ രാജേഷിന് പുറമെ എസ് ഐ അബ്ബാസ് അലി, കെ.ടി. മനോജ് , എ എസ് ഐ റോബിൻസൺ, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് റഷീദ്‌, ഷൌക്കത്തലി, അബ്ദുൾ നവാസ് എന്നിവരുടെ അന്വേഷണ മികവും കാര്യങ്ങൾ എളുപ്പ മാക്കുകയായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: