വൻ വ്യാജമദ്യ വേട്ട : 3500 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 3500 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടിച്ചു.

സർക്കിൾ സംഘവും റെയ്‌ഞ്ച് സംഘവും ചേർന്ന് രണ്ടുദിവസത്തിനുള്ളിലാണ് ഇവ പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ കെ.ശശികുമാറിന്റെ നേതൃത്വത്തിൽ കൈവേലിക്കൽ ഭാഗത്ത്‌ നടത്തിയ മിന്നൽപരിശോധനയിലാണ് വൻ വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തത്. ആൾപ്പാർപ്പില്ലാത്ത പറമ്പിന്റെ ഇടവഴിയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. ധാന്യങ്ങളും പഴവർഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപപ്രദേശത്തുനിന്നും കണ്ടെടുത്തു.

പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിൽ കണ്ണവം-പറമ്പുകാവ് മേഖലകളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 1000 ലിറ്റർ വാഷും, 20 ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതികൾക്കായി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 200 ലിറ്റർ കൊള്ളുന്ന ഇരുമ്പു ബാരലുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വാറ്റിയെടുത്ത 20 ലിറ്റർ ചാരായം കന്നാസുകളിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഷും ചാരായവും സൂക്ഷിച്ചു വെച്ച ആളുകളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ കെ.അശോകൻ, കെ.നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് നരിക്കോടൻ, പി.അനീഷ് കുമാർ, സി.പി.ശ്രീധരൻ, പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, കെ.ബി.ജിമോൻ, എം.സുബിൻ, എൻ.ലിജിന, പി.രോഷിത്ത്, ഷാജി അളോക്കൻ, സുനീഷ് കിള്ളിയോട്ട്, പി.ജലീഷ്, സി.കെ.ശജേഷ്. കെ.പി.ഷീബ, എൻ.ഷംജിത്ത്, ലതീഷ് ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: