മൊബൈല്‍ കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കുമ്പോഴുള്ള നിബന്ധനകള്‍ പുറത്തുവിട്ടു

ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചത് പ്രകാരം മൊബൈല്‍, കംപ്യൂട്ടര്‍ ഷോപ്പുകളും വര്‍ക്ക്‌ഷോപ്പുകള്‍ നിശ്ചിത ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് എല്ലാ നിബന്ധനകളും പാലിച്ചു വേണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി.
മൊബൈല്‍ ഷോപ്പുകള്‍, കംപ്യൂട്ടര്‍ റിപ്പയറിംഗ് ഷോപ്പുകള്‍ എന്നിവയ്ക്ക് ഞായറാഴ്ചകളിലും വര്‍ക്ക് ഷോപ്പുകള്‍ക്ക് ഞായര്‍, വ്യാഴം ദിവസങ്ങളിലും മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ഇതുതന്നെ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമേ പാടുള്ളൂ. അത്യാവശ്യമുള്ള ജീവനക്കാര്‍ മാത്രമേ ഷോപ്പുകളില്‍ ഉണ്ടാകാവൂ.
മൊബൈല്‍ വില്‍ക്കുന്നതും റിപ്പയറിംഗും സര്‍വീസും ചെയ്യുന്നതും റീചാര്‍ജ് ചെയ്യുന്നതുമായ കടകള്‍ക്കാണ് അനുമതി. അതോടൊപ്പം കംപ്യൂട്ടര്‍ സര്‍വീസ് സെന്ററുകളും ആക്സസറി ഷോപ്പുകളും തുറക്കാം.
വര്‍ക്ക് ഷോപ്പുകളാവട്ടെ, അടിയന്തര സ്വഭാവമുള്ള പ്രവൃത്തികള്‍ മാത്രമേ ചെയ്തുകൊടുക്കാവൂ. ടയര്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും അനുവദിക്കും. നിശ്ചിത സമയങ്ങളില്‍ ചെയ്യുന്ന അറ്റകുറ്റപ്പണികള്‍, ചെക്കപ്പുകള്‍, പെയിന്റിംഗ്, റിപ്പയറിംഗ്, ബോഡി വര്‍ക്കുകള്‍, വാഷിംഗ് തുടങ്ങിയ പ്രവൃത്തികള്‍ അനുവദിക്കില്ല. അതേസമയം, ഇന്‍ഷൂറന്‍സ് ക്ലെയിമിന്റെ ഭാഗമായുള്ള ഇത്തരം പ്രവൃത്തികള്‍ ചെയ്യാം. എഞ്ചിന്‍, ബാറ്ററി തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള മൊബൈല്‍ സര്‍വീസുകള്‍ക്കും റോഡരികുകളിലെ സേവനദാതാക്കള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ടുകള്‍, ലൂബ്രിക്കന്റുകള്‍ എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.
അതേസമയം, കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനാവശ്യമായ സാമൂഹ്യ അകലം പാലിക്കല്‍, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ കഴുകല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ പൂര്‍മണമായും കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: