ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല പരിപാടി വെള്ളിയാഴ്ച

ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല പരിപാടി വെള്ളിയാഴ്ച (മാർച്ച് 11) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഡിഎംഒ ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്യും.
കാഴചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് മുൻകൂട്ടി ഗ്ലോക്കോമ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയുമാണ് വാരാചരണത്തിന്റെ ലക്ഷ്യം. ഉയർന്ന നേത്രമർദ്ദം കണ്ണിൽ നിന്നും തലച്ചോറിലേക്ക് കാഴ്ചാ സിഗ്‌നലുകൾ എത്തിക്കുന്ന നാഡിയെ ബാധിച്ച് ക്രമേണ അന്ധതയിലേക്ക് എത്തിക്കുന്ന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളിൽ ഗ്ലോക്കോമക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ ചിലർക്ക് തലവേദന, കണ്ണുവേദന, കണ്ണിന് ചുവപ്പുനിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. യഥാസമയം ഗ്ലോക്കോമ കണ്ടുപിടിച്ചു ചികിൽസിച്ചാൽ ഈ അസുഖം മൂലമുള്ള അന്ധത തടയാം. 40 വയസ്സിനുശേഷം കൃത്യമായ ഇടവേളകളിൽ കണ്ണിന്റെ പരിശോധന നടത്തി കണ്ണിന്റെ മർദ്ദം പരിശോധിച്ച് ആവശ്യമെങ്കിൽ കണ്ണിന്റെ ഫീൽഡ് ടെസ്റ്റ്, കണ്ണിന്റെ നാഡിയുടെ സ്‌കാൻ എന്നിവ നടത്തിയും ഗ്ലോക്കോമ കണ്ടെത്താം.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി ലേഖ അദ്ധ്യക്ഷത വഹിക്കും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽ കുമാർ വിഷയാവതരണം നടത്തും. ഡോ.എസ് അനിത ഗ്ലോക്കോമയെക്കുറിച്ച് ക്ലാസെടുക്കും. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, സ്‌ക്രീനിംഗ് ക്യാമ്പുകൾ, റേഡിയോ ടോക്ക് എന്നിവ സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: