‘ജനനി’: നൂറ്  ദമ്പതിമാർക്ക് വന്ധ്യതാ സ്‌ക്രീനിങ് നടത്തി

ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കൂടിയതോടെ കാലതാമസം ഒഴിവാക്കാനായി സ്‌ക്രീനിങ് പ്രോഗ്രാം നടത്തി. ജില്ലാ ഹോമിയോ ആശുപത്രിക്കു കീഴിലെ ‘ജനനി’ ചികിത്സയുടെ ഭാഗമായാണ് നൂറ് ദമ്പതിമാർക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സ്‌ക്രീനിങ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
പരിശോധന നടത്തിയ ദമ്പതികൾക്ക് തുടർചികിത്സ നൽകി. ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു. ‘ജനനി’ പദ്ധതിക്ക് സ്വീകാര്യതയേറി രജിസ്ട്രേഷൻ വർധിച്ച സാഹചര്യത്തിലാണ് സ്‌ക്രീനിങ് നടത്തിയത്. 2013ൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ പദ്ധതിയോടെ തുടക്കമിട്ട പദ്ധതി 2017ലാണ് ‘ജനനി’ എന്ന പുനർനാമകരണം ചെയ്തത്. ജനനി ചികിത്സയിലൂടെ ഇതുവരെ അറുനൂറോളം ദമ്പതിമാർക്ക് കുഞ്ഞുങ്ങളുണ്ടായെന്ന് ജനനി കൺവീനർ ഡോ. എ പി സുധീര പറഞ്ഞു. ജില്ലാ ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിത്സയും നൽകുന്നുണ്ട്. ജനനി ഫർട്ടിലിറ്റി കെയർ സെന്റർ നിർമിക്കുന്നതിനായുള്ള സ്ഥലം ലഭ്യമായിട്ടുണ്ടെന്നും ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നും അവർ പറഞ്ഞു. കേരള ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതിയായ ജനനിക്ക് നാഷണൽ ആയുഷ് മിഷന്റെ സഹായം ലഭിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ഡോ. എ പി സുധീര പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി സരള, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജിത് കുമാർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിജയ, ജനനി മെഡിക്കൽ ഓഫിസർ ഡോ. എം അമുദ സംസാരിച്ചു. ഡോക്ടർമാരായ ഷീജ, രേഖ, അമൃത, ധന്യ, സംഗീത, വിവേക് എന്നിവർ സ്‌ക്രീനിങിനു നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: