സി.പി.എം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും.

കോൺഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാർഥി.

ദേവികുളം ഉൾപ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാർഥികളുടെ പേരാണ് ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങൾ തള്ളി തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പൊന്നാനിയിൽ ഉൾപ്പെടെ പ്രാദേശികമായ എതിർപ്പ് ശക്തമാണെങ്കിലും സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനം പാർട്ടി എടുത്തിട്ടില്ല.

പ്രകടനങ്ങളും പോസ്റ്റർ വഴിയുള്ള ഒളിപ്പോരുകളും സി.പി.എം. നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ല. എല്ലാം മുൻ തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്നുതന്നെയാണ് ഉന്നതനേതൃത്വം നൽകുന്ന സൂചനകൾ. ബുധനാഴ്ച 11 മണിയോടെ പാർട്ടി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. 2016ൽ 92 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുൾപ്പടെ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്.

പൊന്നാനിക്ക് പുറമേ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലിയും ഭിന്നതയുണ്ട്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയിൽ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി.പി.എം. സ്ഥാനാർഥികൾക്കെതിരേയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

സി.പി.ഐ. 21 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാർഥികൾ ഉടൻ പ്രഖ്യാപിക്കും. എൻ.സി.പി. മൂന്നുസീറ്റുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കും. ജനതാദൾ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാർഥികളായി. എൽ.ജെ.ഡി. സ്ഥാനാർഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: