ഭിന്നശേഷിക്കാരനായ യുവാവിന്റെ മുച്ചക്രവാഹനം കത്തിച്ചു

നടുവിൽ: ഭിന്നശേഷിക്കാരനായ യുവാവിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മുച്ചക്ര സ്കൂട്ടർ ലഭിച്ച അതേദിവസം കത്തിനശിച്ചനിലയിൽ. കൂവേരി കൊട്ടക്കാനത്തെ കല്ലടത്ത് കിഴക്കേപ്പുരയിൽ നസീറിന്റെ സ്കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ചയാണ് ബ്ലോക്ക് പഞ്ചായത്ത് സ്കൂട്ടർ നസീറിന് കൈമാറിയത്. വീട്ടിലേക്ക് കൊണ്ടുപോകാൻ വഴിയില്ലാത്തതിനാൽ അയൽവീട്ടിലാണ് നിർത്തിയിട്ടത്.
പുലർച്ചെ ഒന്നരയോടെ ഈ വീട്ടുമുറ്റത്ത് തീ ആളിക്കത്തുന്നത് തൊട്ടടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആളുകൾ ഓടിക്കൂടി തീയണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തിയമർന്നു.
മരക്കമ്പനിയിലെ തൊഴിലാളിയായിരുന്ന നസീറിന് മരം വീണതിനെ തുടർന്നാണ് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി. തീവെച്ച് നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.