വെങ്ങര ഗവ. ഐ.ടി.ഐ.ക്ക് പുതിയ അക്കാദമിക് ബ്ലോക്ക് : ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

പഴയങ്ങാടി: മാടായി വെങ്ങര ഗവ. ഐ.ടി.ഐ.യുടെ പുതിയ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 11-ന് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷതവഹിക്കും.
പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ.യുടെ നിർമാണത്തിന് 3.10 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. പഴയ വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് രണ്ട് നിലകളിലായി നവീന സൗകര്യങ്ങളോടുകൂടിയ നാല് വർക്ക്ഷോപ്പുകൾ, സ്റ്റോർ റൂമുകൾ, ഓഫീസ്, പ്രിൻസിപ്പൽ റൂം, സന്ദർക മുറി, ലൈബ്രറി, ടോയ് ലറ്റ്എന്നീ സൗകര്യങ്ങൾ ഒരുക്കും.
നിലവിലെ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ രണ്ട് ക്ലാസ് മുറികളും ഒരു മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ നിലവിലെ പെയ്ൻറർ, പ്ലംബർ എന്നീ ട്രേഡുകൾക്കു പുറമെ ഇലക്ട്രീഷ്യൻ, ഫിറ്റർ (രണ്ട് വർഷം വീതം) എന്നീ പുതിയ ട്രേഡുകൾ കൂടി ആരംഭിക്കും. നിലവിലെ ട്രെയിനികൾക്ക് കംപ്യൂട്ടർ പരിശീലനത്തിനായി കംപ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറികളും സജജീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ എക ഗവ. ഐ.ടി.ഐ.യാണിത്.