തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവം ; ലക്ഷ്യം കലാപം സൃഷ്ടിക്കൽ

കേരള -തമിഴ്നാട് അതിര്‍ത്തിയില്‍‌ കളയിക്കാവിള ചെക്ക് പോസ്റ്റില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംഭവത്തിന് ശേഷം കേരളത്തിലേക്ക് കടന്ന പ്രതികളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടെന്നും ദക്ഷിണേന്ത്യയില്‍ കലാപം സൃഷ്ടിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം, ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ടുപേര്‍ക്കൊപ്പം കൂടുതല്‍ പേര്‍ കേരളത്തിലേക്ക് കടന്നതായും മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചാണ് കേരള പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കി. ഇതു സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.ഇതിന് പുറമെ കൊലപാതകം നടത്തിയെന്ന് കരുതുന്ന തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കേരള പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായിരിക്കുമെന്നും ഡിജിപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇവരുടെ ഫോട്ടോയും വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഇതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍‌ പറയുന്നു. ഇയാളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യുകയാണ്. 2013ലെ തിരുനെല്‍വേലി കൂടംകുളം സ്ഫോടനവുമായി ബന്ധപ്പെട്ടയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: