കേന്ദ്രത്തിന്റെ അഞ്ചിന നിർദ്ദേശങ്ങൾ കര്‍ഷകര്‍ തള്ളി; സമരം തുടരും, റിലയന്‍സിനെ ബഹിഷ്കരിക്കും, 14 ന് ദേശീയ പ്രക്ഷോഭം

0

ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച അഞ്ചിന നിർദേശങ്ങൾ തള്ളി സമരസമിതി. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്. സിംഘുവിൽ ചേർന്ന കർഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിർദേശങ്ങൾ സമരസമിതി ചർച്ചയ്ക്ക് ശേഷം തള്ളിയത്
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 12ന് ഡൽഹി-ജയ്പുർ, ഡൽഹി-ആഗ്ര ദേശീയ പാതകൾ ഉപരോധിക്കുമെന്നും ഡിസംബർ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സമരസമിതി നേതാക്കൾ വ്യക്തമാക്കി. ഡിസംബർ 12ന് രാജ്യവ്യാപകമായി ടോൾപ്ലാസകളിൽ ടോൾ ബഹിഷ്കരിക്കാനും കർഷകസംഘടനാ നേതാവ് ദർശൻ പാൽ ആഹ്വാനം ചെയ്ചു. റിലയൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കോർപ്പറേറ്റുകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കർഷകരുടെ ആവശ്യം പരിഗണിക്കുന്നതിൽ മോദി സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം സമരം ശക്തമാക്കും. എല്ലാം സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.കാർഷിക നിയമത്തിൽ ഭേദഗതി ആകാമെന്ന് കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേന്ദ്രസർക്കാർ കർഷകരെ അറിയിച്ചിരുന്നു. ഇതിനായി അഞ്ചിന ഭേദഗതി നിർദേശങ്ങളും കേന്ദ്രസർക്കാർ സമരക്കാർക്കു മുന്നിൽ വെച്ചു.

  1. താങ്ങുവില നിലനിർത്തും എന്ന ഉറപ്പ് കർഷകർക്ക് എഴുതിനൽകും.
  2. ഭൂമിയിൽ കർഷകർക്കുള്ള അവകാശം നിലനിർത്തും.
  3. സർക്കാർ നിയന്ത്രിത കാർഷിക വിപണന ചന്തകൾ നിലനിർത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും.
  4. കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും.
  5. കരാർ കൃഷി തർക്കങ്ങളിൽ കർഷകർക്ക് നേരിട്ട് സിവിൽ കോടതിയെ സമീപിക്കാം.

എന്നീ നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ നിർദേശങ്ങളിൽ കൂടിയാലോചനകൾക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് സമരസമിതി ഇപ്പോൾ സ്വീകരിച്ച നിലപാട്. ഭേദഗതിയല്ല കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകസംഘടനകളുടെ നിലപാട്. അതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ അറിയിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചർച്ചകളിലും കർഷക സംഘടനകൾ എടുത്തിരുന്ന നിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും ഭേദഗതികൾ കൊണ്ടുവരാം എന്നുമാണ് ഇപ്പോൾ സർക്കാർ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading