വാഹനാപകടം: നിർത്താതെ പോയ വാഹനവും ഡ്രൈവറും പിടിയിൽ

പുതിയതെരു: ദേശീയപാതയിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം കഴിഞ്ഞ ഒക്ടോബറിൽ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ നിർത്താതെ പോയ വാഹനത്തി​ൻെറ ഡ്രൈവറെ വളപട്ടണം എസ്‌.ഐ വേണുഗോപാലനും സംഘവും പിടികൂടി. തമിഴ്നാട് സന്താന മാരിയമ്മൻ കോവിൽ തെരുവിലെ എളംച്ചിലിയന്‍ മനോകരനെയാണ് (26) രാമേശ്വരത്ത് നിന്ന്​ പിടികൂടിയത്. കണ്ണൂർ കോഫി ഹൗസ് ജീവനക്കാരനായ കോലത്തുവയലിലെ വൈഷ്‌ണവ്​ (22) ജോലിക്കായി ഒക്ടോബർ 20ന് രാവിലെ 6.40ന് ഇരുചക്ര വാഹനത്തിൽ കണ്ണൂരിലേക്ക് പോകുമ്പോൾ എതിർദിശയിൽ കണ്ണൂര്‍ ഭാഗത്തുനിന്ന്​ മത്സ്യം കയറ്റി അമിത വേഗതയിൽ മംഗളൂരു ഭാഗത്തേക്ക് വന്ന പിക്​ അപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വൈഷ്ണവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടം നടന്നത് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. മത്സ്യം കയറ്റിപ്പോകുന്ന തമിഴ്നാട് രജിസ്​ട്രേഷനുള്ള മിനി പിക്​ അപ്​ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന തെളിവ് മാത്രമേ പൊലീസിന് ലഭിച്ചിരുന്നുള്ളു. തുടർന്ന് മിനി പിക്​ അപ്​ വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് രമേശ്വരത്തുനിന്ന്​ ഡ്രൈവറെയും അപകടത്തിനിടയാക്കിയ വാഹനവും കസ്​റ്റഡിയിലെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അശോകൻ, ജോബി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണ മികവിന് ഇവരെ ജില്ല പൊലീസ് മേധാവി അനുമോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: