സവാള വില കുതിക്കുന്നു; കോഴിയിറച്ചി വിപണിയില്‍ വിലത്തകര്‍ച്ച

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുറയുന്നു. ചിക്കന്‍ കറിയുടെ പ്രധാന ഐറ്റമായ സവാള വിലയിലെ ഉയര്‍ച്ചയാണ് കോഴി വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു കിലോ കോഴിയിറച്ചിയേക്കാള്‍ വിലയാണ് ഇപ്പോള്‍ സവാള കിലോയ്ക്ക് കൊടുക്കേണ്ടത്. ഇന്ന് ചില്ലറ വിപണിയില്‍ ഒരു കിലോ സവാളയുടെ വില 160നും 180നും ഇടയിലാണ്.
വടക്കന്‍ കേരളത്തില്‍ കോഴി വില കഴിഞ്ഞയാഴ്ച 200 രൂപ ആയിരുന്നിടത്ത് നിന്ന് 150നും 180നും ഇടയിലേക്ക് താഴ്ന്നു. തെക്കന്‍ കേരളത്തില്‍ 120ല്‍ നിന്നും 102 ലേക്ക് വിലയിടിഞ്ഞു. ക്രിസ്മസ് സീസണായതോടെ വില കുതിച്ചുകയറേണ്ട സാഹചര്യത്തിലാണിത്.
പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15 -16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ കണക്ക്. ലഗോണ്‍, ബ്രോയിലര്‍, സ്പ്രിംഗ്, നാടന്‍ എന്നീ ഇനങ്ങളാണ് വിപണിയില്‍ പ്രധാനമായും ലഭ്യമാവുന്നത്. നവംബര്‍ അവസാന വാരം നടന്നതിന്റെ 60 ശതമാനം കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത്. ഉള്ളിവില ചിക്കന്‍ വിലയെക്കാള്‍ ഉയര്‍ന്നതോടെ ഹോട്ടലുകളിലേക്കുള്ള ചിക്കന്‍ വില്‍പനയാണ് പ്രധാനമായും മേഖലയെ പിടിച്ചു നിര്‍ത്തുന്നത്. കുടുംബ ബജറ്റുകളെ ഉള്ളിവില ബാധിക്കുന്നത് പൗള്‍ട്രി മേഖലയെയും ബാധിക്കുന്നുണ്ടെന്നാണ് രംഗത്തുള്ളവര്‍ പറയുന്നത്. അതേസമയം, ഉള്ളി പൂഴ്ത്തിവെയ്പ്പും അമിത വിലയും തടയാന്‍ സിവില്‍ സപ്ലൈസ് പരിശോധന ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: