ലൈഫ് പദ്ധതി ഗുണഭോക്തൃ പരിശോധന 30നകം പൂര്‍ത്തിയാക്കും

ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ അപേക്ഷകളിന്മേല്‍ നവംബര്‍ 30 നകം പരിശോധന നടത്തും. ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫീല്‍ഡ് തല പരിശോധനക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഫീല്‍ഡ് പരിശോധന നവംബര്‍ 30നകം പൂര്‍ത്തിയാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് പദ്ധതി നോഡല്‍ ഓഫീസറായ അസി.സെക്രട്ടറിയും മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സെക്രട്ടറിമാരും പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. അപേക്ഷകരെ മുന്‍കൂട്ടി പരിശോധനാ വിവരം അറിയിക്കണം. വാഹനസൗകര്യം വേണ്ടിടത്ത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി ആവശ്യമായ ക്രമീകരണം നടത്തണം. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ സഹായത്തോടെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പരിശോധന കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വൈകിട്ട് നാലിന് മുമ്പ് രേഖപ്പെടുത്തണം. പ്രതിദിന പുരോഗതി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. മുന്‍സിപ്പാലിറ്റികളിലെ പരിശോധനാ പുരോഗതി നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ വിലയിരുത്തി ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മുഖേന ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പട്ടിക വര്‍ഗ്ഗ, പട്ടിക ജാതി വിഭാഗത്തിലെ പരിശോധനക്ക് എസ് സി, എസ് ടി പ്രമോട്ടര്‍മാര്‍ സേവനം ലഭ്യമാക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: