സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും; തീരുമാനം ഈ മാസം പതിനെട്ടിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കൂലി വർധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ബസ് ചാർജ് പത്തുരൂപയാക്കാൻ ധാരണ.തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടെങ്കിലും വിശദമായ ‌കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം പിൻവലിച്ചിരുന്നു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: