ചരിത്ര വിധി വന്നു; തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കും

ന്യൂഡല്‍ഹി : 134 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഒടുവില്‍ അയോദ്ധ്യയില്‍ വിധിയായി. ഭൂമിയില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമി ആര്‍ക്ക് ലഭിക്കും എന്ന വിഷയത്തിലായിരുന്നു പ്രധാനമായും വാദം കേട്ടത്. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും എന്ന് പറഞ്ഞാണ് വിധി പ്രസ്താവം ആരംഭിച്ചത്. മുസ്ലിം പള്ളി പണിയാനായി പകരം അഞ്ചേക്കര്‍ ഭൂമി നല്‍കും. അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാര്‍ വിധി ഒപ്പിട്ടത്. വിധി പൂര്‍ണമായി വായിക്കാന്‍ അര മണിക്കൂര്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇതിന് തീര്‍പ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
സുന്നി വഖഫ് ബോര്‍ഡുമായുള്ള കേസിലാണ് ആദ്യം വിധി പറഞ്ഞത്. ഇതിലാണ് സ്ഥലത്തില്‍ ഇവരുടെ അവകാശവാദം തള്ളിയത്. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്നും എന്നാല്‍ രാമജന്മ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും കോടതി നിര്‍ണായക നിരീക്ഷണം നടത്തിയിരുന്നു. രാവിലെ 10.30നാണ് കേസില്‍ വിധി വായിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് തര്‍ക്കഭൂമിയിലും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നു.
രാജ്യമൊട്ടാകെ മുള്‍മുനയില്‍ നില്‍ക്കവെയാണ് സുപ്രീം കോടതി രാജ്യം ഉറ്റുനോക്കിയ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിന്റെ സങ്കീര്‍ണത മനസിലാക്കിയാണ് അവധി ദിവസമായിട്ടും കേസിന്റെ വിധി വന്നിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: