തിരുവനന്തപുരത്തു വൻ മയക്കുമരുന്ന് വേട്ട : കോടികൾ വിലവരുന്ന 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ.

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച പത്തു കിലോ ഹാഷിഷ് ഓയിൽ തിരുവനന്തപുരം സിറ്റി പൊലിസ് പിടികൂടി.

ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായി കൊണ്ടു വന്ന ഓയിലിന് വിപണിയിൽ 20 കോടിയോളം വിലയുണ്ട്. തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം കവടിയാറിൽ വച്ച് പൊലീസ് പിന്തുടർ‍ന്ന് പിടികൂടുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി (39), സൈബു തങ്കച്ചൻ (27) എന്നിവരാണ് സിറ്റി ഷാഡോ പൊലീസിൻ്റെ പിടിയിലായത്. പ്രതികളിൽ ഒരാളായ സണ്ണിയുടെ പേരിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കൊലക്കേസും നിലവിലുണ്ട്. ഇയാൾ വനമേഖലയിൽ മാസങ്ങളോളം താമസിച്ച് കഞ്ചാവ് നട്ടു വളർത്തി കച്ചവടം നടത്തുകയായിരുന്നു.

കോളേജിലെയും, സ്കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻ ലഹരിമാഫിയ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രവർത്തനമാണ് പോലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സംഘം വലയിലായത്.
ലഹരിമരുന്നു കടത്ത് സംഘത്തിലെ പ്രധാന കാരിയർമാരാണ് പിടിയിലായവർ. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ പി. പ്രകാശിൻ്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം എ.സി.പി വി. സുരേഷ് കുമാർ, പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലർ, എസ്.ഐ പ്രമോജ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. തലസ്ഥാനത്ത് സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ മാത്രം ഈ വര്‍ഷം 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സെപ്റ്റംബർ‍ രണ്ടിന് ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് ഇടുക്കി സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായിരുന്നു.

#keralapolice #drugtrafficking #hashoilseized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: