ശ്രീലങ്കയ്ക്കെതിരെ സഞ്ജു നായകന്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ബോര്‍ഡ് പ്രസിഡന്റ്സ് ടീം നായകനായി സഞ്ജു സാംസണിനെ നിയമിച്ചു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ടീമിന്റെ നായകനായാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്.
രണ്ടു മത്സരങ്ങളാണ് ശ്രീലങ്കന്‍ ടീമിമായി ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ഉളളത്.
നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന മധ്യപ്രദേശ് താരം നമാന്‍ ഓജയ്ക്ക് പരിക്കേറ്റതോടെ സഞ്ജുവിന് നറുക്കുവീഴുകയായിരുന്നു. കാര്യവട്ടം ടി20ക്കിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടര്‍ ശരണ്‍ദീപ് സിംഗാണ് പുതിയ ഉത്തരവാദിത്തത്തെ കുറിച്ചുള്ള സൂചന സഞ്ജുവിന് ആദ്യം നല്‍കിയത്.
ദിനേശ് ചാന്ദിമല്‍ നയിക്കുന്ന ശ്രീലങ്കന്‍ ടീമിനെതിരായ മത്സരത്തില്‍ ബാറ്റ്സ്മാന് രോഹന് പ്രേം, പേസര്‍ സന്ദീപ് വാര്യര്‍ , ഓള്‍റൗണ്ടര്‍ ജലജ് സക്സേന എന്നീ കേരള താരങ്ങളും സഞ്ജുവിനൊപ്പം ചേരും. സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകാനും സാധ്യതയുണ്ട്.
ബോര്‍ഡ് പ്രസിഡന്റ് ഇലവന് ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന് പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്സേന, ജിവന്ജോദ് സിംഗ്, ബി സന്ദീപ്, തന്മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, ആകാഷ് ഭണ്ഡാരി, സി.വി മിലിന്ദ്, ആവേഷ് ഖാന്, രവി കിരണ്‍