ഓപ്പറേഷൻ സ്‌റ്റോൺ വാൾ; 21 വാഹനങ്ങളിൽ നിന്ന് വിജിലൻസ്‌ 2,86,000 രൂപ പിഴയീടാക്കി

കണ്ണൂർ: ക്രഷറുകളിൽനിന്നും ക്വാറികളിൽ നിന്നും അനധികൃതമായി കരിങ്കൽ ഉൽപ്പന്നങ്ങൾ കടത്തുന്നതു കണ്ടെത്താൻ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ സ്‌റ്റോൺ വാൾ’ പരിശോധനയുടെ ഭാഗമായി ജില്ലയിലും രണ്ടു മേഖല തിരിച്ച്‌ വിജിലൻസിന്റെ മിന്നൽ പരിശോധന. ഭീമമായ റോയൽറ്റി ക്രമക്കേട്‌ നടക്കുന്നതായി കണ്ടെത്തി. 21 വാഹനങ്ങൾ പിടിച്ചെടുത്തു. ആറുവാഹനങ്ങൾ ഒരു പാസുമില്ലാതെയാണ്‌ കരിങ്കൽ ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്‌. മൊത്തം 2,86,000 രൂപ പിഴ ഈടാക്കിയതായി വിജിലൻസ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ അറിയിച്ചു. കൂത്തുപറമ്പ്‌, വലിയവെളിച്ചം, ചെറുവാഞ്ചേരി മേഖലയിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
14 വാഹനങ്ങൾ പിടികൂടി. പാസില്ലാതെ കരിങ്കൽ ഉൽപ്പന്നങ്ങൾ കടത്തിയ ഒരു വാഹനം തുടർനടപടികൾക്കായി ജിയോളജി വകുപ്പിനും പാസിൽ കവിഞ്ഞുള്ള ലോഡ് കയറ്റിയതിന് 13 വാഹനങ്ങൾ ആർടിഒ അധികൃതർക്കും കൈമാറി.
തളിപ്പറമ്പ്‌ മേഖലയിൽ ആലക്കോട്‌, ശ്രീകണ്‌ഠപുരം റോഡുകളിലായിരുന്നു പരിശോധന. ഏഴുവാഹനങ്ങൾ പിടികൂടി. അഞ്ചു വാഹനങ്ങൾക്ക്‌ പാസേ ഇല്ലായിരുന്നു. ഇവ ജിയോളജി വകുപ്പിന് കൈമാറി. പാസിൽകവിഞ്ഞ ലോഡ് കയറ്റിയ രണ്ടു വാഹനങ്ങൾ ആർടിഒ അധികൃതരെ ഏൽപ്പിച്ചു. ആർടിഒ അധികൃതർക്കു കൈമാറിയ 15 വാഹനങ്ങൾ കോമ്പൗണ്ടിങ്‌ നടത്തിയാണ്‌ 2,86,000 രൂപ പിഴ ഈടാക്കിയത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: