എ.പി.അബ്ദുല്ലക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി ഇടിച്ചു; അപായപ്പെടുത്താനെന്ന് പരാതി

ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു. കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അബ്ദുല്ലക്കുട്ടിയുടെ ഈ കാറിന് പിന്നില്‍ ലോറി വന്നിടിച്ചത്. കെ.എല്‍. 65 എം. 6145 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറി ഡ്രൈവര്‍ ഉറങ്ങിപോയെന്നാണ് പറഞ്ഞത്. എന്നാലിത് സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.

വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അപകടം ആസൂത്രിതമെന്ന് ബിജെപിയും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അബ്ദുല്ലക്കുട്ടി ഇന്ന് ഔദ്യോഗികമായി പരാതി നല്‍കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: