22കാരിയായ രണ്ടാം ഭാര്യയെയും മടുത്തു, പഴത്തില്‍ സയനൈഡ് ചേര്‍ത്ത് സാബിറയെ കൊലപ്പെടുത്തി, ഒമ്ബത് വര്‍ഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്

കണ്ണൂര്‍: കൊളവല്ലൂരിലെ സാബിറയെന്ന 22കാരി മരിച്ചപ്പോഴും അന്നതൊരു ആത്മഹത്യയായി എല്ലാവരും കരുതി. അതൊരു ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. ഒമ്ബത് വര്‍ഷത്തിന് ശേഷം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. വെറും കൊലയല്ല പഴത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊന്നുവെന്നാണ് ഒമ്ബത് വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം കോടതിക്ക് കൈമാറിയെങ്കിലും ഇതിലും പ്രതിക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

വിവാഹം കഴിഞ്ഞ് മാസം ഒമ്ബതായപ്പോഴേക്കും ഭ‌ര്‍ത്താവിന് അവളെ മടുത്തു. നിറം പോരാ, സൗന്ദര്യം കുറവ്, അങ്ങനെ പല കാരണങ്ങള്‍. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. 2006 ആഗസ്റ്റ് രണ്ടിന് രാവിലെ 6.45 ഓടെയാണ് ചെറുപ്പറമ്ബിലെ ഭര്‍തൃവീട്ടില്‍ സാബിറ കുളിമുറിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചുവീഴുന്നത്. ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ് ഈ വിവരം പുറത്തറിയിച്ചത് ഭാര്യ ആത്മഹത്യ ചെയ്തെന്ന നിലയിലായിരുന്നു. എന്നാല്‍, സാബിറയുടെ വീട്ടുകാര്‍ നിരന്തരം പരാതിയുമായി നീങ്ങിയതിനെ തുടര്‍ന്നാണ് കേസ് വഴിമാറിയത്.

കൊളവല്ലൂര്‍ പൊലീസ് ദുരൂഹമരണം സംബന്ധിച്ച്‌ അന്വേഷണം നടത്തി ആന്തരാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് മനസിലാക്കാനായി. എന്നാല്‍ ആ അന്വേഷണത്തില്‍ ഒരിക്കലും ഒരു സാധാരണ വീട്ടമ്മയായ സാബിറയ്ക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതുള്‍പ്പെടെ സംശയങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. സ്ത്രീധന പീഡ‌നമാണോ ആത്മഹത്യയ്ക്ക് കാരണമെന്നൊക്കെ പൊലീസ് തിരക്കി. അന്വേഷണം ഈ വഴിക്ക് നീങ്ങിയതോടെ ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫിനെ പൊലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു കൊലപാതകത്തിനുള്ള തെളിവൊന്നും അന്ന് കണ്ടെത്തിയതേയില്ല. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തില്‍ അതൃപ്തി തോന്നിയ സാബിറയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിനായി നിയോഗിക്കുന്നത്.

കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരുന്ന വി.എന്‍ വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു പിന്നീട് അന്വേഷണം. അപ്പോഴേക്കും അബ്ദുല്‍ ലത്തീഫ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന് ഒരു വര്‍ഷം മുമ്ബ് താനാണ് സയനൈഡ് തൃശൂരില്‍ നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ചതെന്ന് അബ്ദുല്‍ ലത്തീഫ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യ തൃശൂരില്‍ സുഖമില്ലാതെ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ താനും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്നും അതിനായി സയനൈഡ് സംഘടിപ്പിച്ചതാണെന്നുമാണ് പറഞ്ഞത്. ഇത് താനറിയാതെ സാബിറ എടുത്ത് കഴിച്ചതായാണ് ഇയാളുടെ മൊഴി. പഴത്തില്‍ സയനൈഡ് കലര്‍ത്തിയ ശേഷം കഴിക്കുകയായിരുന്നുവെന്നും പറഞ്ഞു.

അതിനിടെ സാബിറയുടെ മരണം ഹൃദയാഘാതമാക്കാനും ശ്രമം നടന്നിരുന്നു. സാബിറ ഉടുത്തിരുന്ന വസ്ത്രമുള്‍പ്പെടെ നീക്കംചെയ്തിരുന്നതായി അന്വേഷണസംഘത്തിന് നിഗമനമുണ്ടായി. വീട്ടില്‍ പരിശോധന നടത്തിയ പൊലീസിന് പഴം കഴിച്ചതിന്റെ ശേഷിപ്പുകളൊന്നും കാണാനുമായില്ല. മാത്രമല്ല, കുളിമുറിയില്‍ ബോധരഹിതയായി വീണ സാബിറയെ ആശുപത്രിയിലെത്തിക്കാന്‍ അബ്ദുല്‍ ലത്തീഫ് ശ്രമിക്കാതിരുന്നതും സംശയത്തിനിടയാക്കിയിരുന്നു. രണ്ട് ഡോക്ടര്‍മാരെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെയാണ് മരണം സ്ഥിരീകരിക്കുന്നത്.

സംഭവത്തിന് ശേഷം അങ്ങനെയൊക്കെ ചെയ്തത് എന്തിനെന്ന് പൊലീസ് ചോദിച്ചതോടെയാണ് ഇയാള്‍ പതറിയത്. ഭാര്യയ്ക്ക് വയറില്‍ ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നതായും രാവിലെ വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ഉചിതമാണെന്ന് വിശ്വസിപ്പിച്ചാണ് പഴം നല്കിയതെന്നും ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞു. കഴിച്ച ഉടന്‍ അസ്വസ്ഥതകളുമായി സാബിറ ബാത്ത്റൂമിലേക്ക് ഓടി. പഴത്തിന്റെ അവശിഷ്ടങ്ങള്‍ അബ്ദുല്‍ ലത്തീഫ് നീക്കുകയായിരുന്നു.

അബ്ദുല്‍ ലത്തീഫ് നേരത്തെ ഗള്‍ഫില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിട്ടുള്ളയാളാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എങ്കിലും ഇയാള്‍ തൃശൂരില്‍ നിന്നാണ് സയനൈഡ് വാങ്ങിയതെന്ന മൊഴില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തിലുള്ള ചോദ്യങ്ങളോട് അബ്ദുല്‍ ലത്തീഫ് സഹകരിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. നാര്‍ക്കോട്ടിക് സെല്ലില്‍ നിന്ന് ഡിവൈ.എസ്.പി വി.എന്‍ വിശ്വനാഥന്‍ സ്ഥലംമാറിപ്പോയ ശേഷം പുതുതായി ചാര്‍ജ്ജെടുത്ത ഡിവൈ.എസ്.പി എം. കൃഷ്ണനാണ് കേസില്‍ തുടരന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: