സാമ്പത്തിക മാന്ദ്യം, തൊഴിൽപ്രതിസന്ധി 12 കേന്ദ്രങ്ങളിൽ നാളെ എൽഡിഎഫ്‌ സായാഹ്ന ധർണ

കണ്ണൂർ: രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിനും തൊഴിൽ പ്രതിസന്ധിക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വ്യാഴാഴ്‌ച ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും മാഹിയിലും സായാഹ്ന ധർണ നടത്തും.
പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ്‌, ഇരിട്ടി, പാനൂർ, തലശേരി, ചക്കരക്കൽ, കണ്ണൂർ, പുതിയതെരു, ശ്രീകണ്‌ഠപുരം, മട്ടന്നൂർ, മാഹി എന്നിവിടങ്ങളിലാണ്‌ ധർണ.
തൊഴിലുൽപ്പാദക മേഖലകളിൽ കേന്ദ്ര ഗവൺമെന്റ്‌ പരമാവധി പൊതുനിക്ഷേപം വർധിപ്പിക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, മിനിമം കൂലി 18,000 രൂപയായി വർധിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക്‌ പുതിയ തൊഴിൽ കിട്ടുന്നതുവരെ സമാശ്വാസം നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ 200 ദിവസത്തെ കുറഞ്ഞ ജോലി ഉറപ്പുവരുത്തുക, തൊഴിലുറപ്പു തൊഴിലാളികളുടെ കൂലിക്കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വാർധക്യ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്‌ സമരത്തിൽ ഉന്നയിക്കുന്നത്‌.
വൈകിട്ട്‌ നാലിന്‌ ധർണ ആരംഭിക്കുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: