തളിപ്പറമ്പിലെ യൂത്ത്‌ ലീഗ്‌ ഏറ്റുമുട്ടൽ 11 പേർക്കെതിരെ വധശ്രമത്തിന് കേസ്

തളിപ്പറമ്പ്: പുഷ്പഗിരിയിലും ലൂർദ്‌ ആശുപത്രിക്കുമുന്നിലും മുസ്ലിം യൂത്ത്‌ ലീഗുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെതുടർന്ന്‌ ഇരുവിഭാഗങ്ങളിലെ 11 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പി കെ സുബൈറിനെ അനുകൂലിക്കുന്ന അഞ്ചുപേർക്കെതിരെയും അള്ളാംകുളം മഹമൂദ് വിഭാഗക്കാരായ ആറുപേർക്കുമെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി ലൂർദ്‌ ആശുപത്രിക്ക് സമീപം അള്ളാംകുളം മഹമൂദിനെ അനുകൂലിക്കുന്ന എം വി ഫാസിൽ (30), കെ എസ് ഇർഷാദ് (27), കെ മുസ്തഫ (32), മൻസൂർ ഈസാൻ (36), മണ്ണൻ സുബൈർ (34) എന്നിവരെ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചുകൊല്ലാൻ ശ്രമിച്ച സംഭവത്തിലാണ് അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ബാപ്പു അഷറഫ്, അണ്ണാമ്പി നിസാർ, പി കെ നിസാർ, പി കെ നൗഷാദ്, റാഷിദ് പുളിമ്പറമ്പ് എന്നിവർക്കെതിരെ ടി കെ മൻസൂറിന്റെ പരാതിയിയാണ് കേസ്. സുബൈർ ഗ്രൂപ്പുകാർ അനുരഞ്ജനത്തിനെന്ന പേരിൽ വിളിച്ചുവരുത്തി ആക്രമിച്ചുവെന്നാണ് മൻസൂറിന്റെ പരാതി. അള്ളാംകുളം മഹമ്മൂദ് വിഭാഗക്കാരായ നഗരസഭാംഗം സി മുഹമ്മദ് സിറാജ്, കാട്ടി അഷറഫ്, മണ്ണൻ സുബൈർ, ഇർഷാദ്, എൻ എ സിദ്ധിഖ്, ത്വയീബ് എന്നീ ആറ് പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെ യൂത്തുലീഗ് പുഷ്പഗിരി ശാഖാ യോഗത്തിൽ അതിക്രമിച്ചുകയറി സുബൈർ ഗ്രൂപ്പുകാരെ മർദിച്ചുവെന്നാണ് അവരുടെ പരാതി. ഈ സംഭവത്തിൽ സുബൈർ ഗ്രൂപ്പുകാരായ ഉസ്മാൻ (38), കെ പി നൗഷാദ് (37) എന്നിവർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ആറുപേർക്കെതിരെ കേസെടുത്തത്. തുടർന്നാണ് അള്ളാംകുളം വിഭാഗക്കാരെ ലൂർദ്‌ ആശുപത്രിക്കുമുന്നിലേക്ക് അനുരഞ്ജനമെന്ന പേരിൽ വിളിച്ചുവരുത്തി ആക്രമിച്ചത്.
എൺപതുകൾ മുതൽ മുസ്ലിംലീഗുകാർ പരസ്യമായി കൊമ്പുകോർത്ത എം എ അള്ളാംകുളം മഹമ്മൂദിനോട് പി കെ സുബൈർ വിഭാഗം ഏറ്റുമുട്ടുന്നത് നഗരസഭാ ചെയർമാൻ സ്ഥാനവും പിടിച്ചെടുക്കാനാണെന്നാണ്‌ പറയപ്പെടുന്നത്‌. നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചെയർമാൻസ്ഥാനം ലക്ഷ്യമിട്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവമാക്കാനാണ്‌ സുബൈറിന്റെ ശ്രമം. ഇത്‌ ചെറുക്കുന്നതിന്റെ അള്ളാംകുളം മഹമ്മൂദ് വിഭാഗത്തിന്റെ ശ്രമങ്ങളാണ്‌ ലീഗിൽ ഏറ്റുമുട്ടൽ രൂക്ഷമാക്കിയത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: