കരാറുകാരന്റെ മരണം സുരേഷ്‌കുമാർ ഒളിവിൽത്തന്നെ

ചെറുപുഴ: കരാറുകാരൻ ജോസഫ് മുതുപാറകുന്നേലിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസ്‌ പ്രതി കെ കെ സുരേഷ്‌ കുമാർ ഒളിവിൽ. വീട്ടിലും ബന്ധുവീടുകളിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സൈബർ സെൽ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷകസംഘം പറഞ്ഞു. അതേസമയം, തലശേരി സെഷൻസ്‌ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ദിവസങ്ങളായിട്ടും ഇയാളെ പിടികൂടാൻ കഴിയാത്തത്‌ ജനങ്ങളിൽ അതൃപ്‌തി പരത്തിയിട്ടുണ്ട്‌.
ആത്മഹത്യാ പ്രേരണക്കേസിൽ നാലാം പ്രതിയാണ്‌ മുൻ ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായ സുരേഷ് കുമാർ. ഒന്നാം പ്രതിയും സുരേഷ്‌ കുമാറിന്റെ അച്ഛനുമായ കെ കുഞ്ഞികൃഷ്‌ണൻ നായർ, രണ്ടും മൂന്നും പ്രതികളായ റോഷി ജോസ്‌, അബ്ദുൾ സലിം എന്നിവരെ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. പ്രായം പരിഗണിച്ച്‌ കുഞ്ഞികൃഷ്‌ണൻ നായർക്ക്‌ സെഷൻസ്‌ ടതി കഴിഞ്ഞ ദിവസം ജാമ്യം നൽകി. മറ്റു രണ്ടുപേർ ഇപ്പോഴും റിമാൻഡിലാണ്‌.
കെ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ നൽകാനുള്ള ഭീമമായ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ്‌ കരാറുകാരൻ ചൂരപ്പടവിലെ ജോസഫ് മുതുപാറകുന്നേൽ ജീവനൊടുക്കിയത്‌. സെപ്‌തംബർ അഞ്ചിന്‌ രാവിലെയാണ്‌ ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി കെട്ടിടത്തിന്‌ മുകളിൽ കണ്ടെത്തിയത്‌. പണം നൽകാമെന്നുപറഞ്ഞ്‌ നാലിന്‌ വൈകുന്നേരം ട്രസ്‌റ്റ്‌ ഭാരവാഹികൾ ആശുപത്രിയിലേക്ക്‌ വിളിച്ചുവരുത്തിയെങ്കിലും ഒരു രൂപ പോലും നൽകാതെ വഞ്ചിക്കുകയായിരുന്നു. ഇതിലുള്ള മനോവിഷമം മൂലം ജോസഫ്‌ ആത്മഹത്യ ചെയ്‌തെന്നാണ്‌ പൊലീസ്‌ നിഗമനം. കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ മറവിൽ ചെറുപുഴ ഡെവലപ്പേഴ്‌സ്‌ എന്ന സ്വകാര്യസംരംഭമുണ്ടാക്കി വിശ്വാസവഞ്ചനയും സാമ്പത്തിക വെട്ടിപ്പും നടത്തിയെന്ന കേസിലും കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഉൾപ്പെടെയുള്ളവർ പ്രതികളാണ്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: