ആമയൂർ മുതൽ കൂടത്തായി വരെ; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകങ്ങൾ

കൂടത്തായി കൊലപാതകം കേരള ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ ആസൂത്രിതമായി ഒരു കുടുംബത്തിലെ ആറു പേരെ പല കാലങ്ങളിലായി കൊന്നു തള്ളുകയും 17 വർഷങ്ങൾക്കു ശേഷം ആ കൊലപാതകങ്ങൾ തെളിയിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ വിചിത്രമായ ഒരു കേസ്. ഇത്തരം ഞെട്ടിക്കുന്ന കൊലപാതക പരമ്പരകൾ മുൻപും കേരളത്തിലുണ്ടായിരുന്നു. അവയിലേക്കുള്ള തിരിഞ്ഞു നോട്ടമാണിത്.

ആമയൂരിലെ കൊലപാതക പരമ്പര
aamayoor.jpg
2008ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത ആമയൂരിലാണ് പട്ടികയിലെ ആദ്യ കൊലപാതക പരമ്പര നടന്നത്. വില്ലൻ വിവാഹേതര ബന്ധമായിരുന്നു. കാമുകിക്കൊപ്പം ജീവിക്കുന്നതിനായി റെജി എന്ന യുവാവ് നിഷ്കരുണം കൊന്നു കളഞ്ഞത് തൻ്റെ ഭാര്യയെയും മൂന്ന് മക്കളെയുമായിരുന്നു. 2008 ജൂലായ് മാസം എട്ടിനും 22നും ഇടയിലായിരുന്നു നാല് കൊലപാതകങ്ങളും. ഭാര്യ ലിസി(38), മക്കളായ അമലു(12), അമല്‍ (10), അമല്യ(8) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഈ കേസില്‍ റെജി ശിക്ഷിക്കപ്പെടുയും ചെയ്തു.

ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകം
aattngal.jpg
വീണ്ടും വിവാഹേതര ബന്ധത്തിൻ്റെ സ്വാധീനം. 2014 ഏപ്രിൽ 14ന് ടെക്നോപാർക്ക് ജീവനക്കാരിയായ അനുശാന്തിയും കാമുകൻ ലിനോ മാത്യുവും ചേർന്ന് നടപ്പിലാക്കിയ ഇരട്ടക്കൊല. അവർ കൊന്നുകളയാൻ തീരുമാനിച്ചത് അനുശാന്തിയുടെ ഭർത്താവ് ലിജേഷിനെയും കുഞ്ഞ് സ്വസ്തികയെയും ഭർതൃമാതാവ് ഓമനയെയുമായിരുന്നു. എന്നാൽ ലിജീഷ് ലിനോ മാത്യുവിൻ്റെ കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ഓമനയും സ്വസ്തികയും കൊല്ലപ്പെട്ടു. കേസില്‍ ലിനോ മാത്യുവിന് വിചാരണ കോടതി വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു.

നന്ദൻകോട് കൂട്ടക്കൊല
nanthankood.jpg
2017 ഏപ്രിലിൽ മറ്റൊരു കൂട്ടക്കൊല. തിരുവനന്തപുരത്തെ നന്ദൻകോട് ഒരു വീട്ടിലെ നാലു പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ ഒരു സ്ത്രീയെയുമാണ് കേഡല്‍ ജിന്‍സണ്‍ എന്ന യുവാവ് കൊന്നുകളഞ്ഞത്. ആസ്ട്രൽ പ്രൊജക്ഷൻ ഉൾപ്പെടെ നിരവധി ദുരൂഹതകൾ നിറഞ്ഞ കൊലപാതക പരമ്പരയായിരുന്നു ഇത്. പലവട്ടം കേഡൽ മൊഴിമാറ്റി. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യമെന്നും പറഞ്ഞ കേഡല്‍ പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് അവസാനം പറഞ്ഞത്. കേഡലിന് മാനസിക വൈകല്യം ഉണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.

അങ്കമാലി കൂട്ടക്കൊല
angamali.jpg
തൊട്ടടുത്ത വർഷം അങ്കമാലിയിൽ നിന്ന് മറ്റൊരു കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നു. 2018 ഫെബ്രുവരിയിൽ സ്വന്തം സഹോദരൻ ശിവൻ, അയാളുടെ ഭാര്യ വത്സ, മകൾ രേഷ്മ എന്നിവരെയാണ് അറയ്ക്കല്‍ വീട്ടില്‍ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്തുതർക്കമായിരുന്നു കൊലപാതകത്തിനു കാരണം. മറ്റ് സഹോദരങ്ങളായ ഷിബുവിനേയും ഷാജിയേയും അവരുടെ ഭാര്യമാരേയും കൂടി കൊലപ്പെടുത്താന്‍ താന്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് ബാബു പിന്നീട് പോലീസിനോട് പറഞ്ഞത്.

കമ്പക്കാനം കൂട്ടക്കൊല
kambakkanam.jpg
2018 ഓഗസ്റ്റിലാണ് കേരളത്തെ മുൾമുനയിൽ നിർത്തി മറ്റൊരു കൂട്ടക്കൊലയുടെ വാർത്ത പുറത്തു വന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. വണ്ണപ്പുറം സ്വദേശി കൃഷ്ണനെയും ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടി. മന്ത്രവാദമാണ് കൊലപാതകത്തിലേക്ക് വഴി തെളിച്ചത്. കൊന്നവർ കൊല ചെയ്യപ്പെട്ടവരുമായി ദീർഘകാലത്തെ ബന്ധമുള്ളവരായിരുന്നു.

പിണറായി കൂട്ടക്കൊല
pinarayi koottakola
സമീപകാലത്ത് കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കണ്ണൂർ ജില്ലയിലെ പിണറായിയിൽ നടന്നത്. ഇവിടെയും വില്ലനായത് വിവാഹേതര ബന്ധം. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ നടത്തിയത് ഒരു യുവതി ആയിരുന്നു. സ്വന്തം മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അടക്കം പല കാലങ്ങളിലായി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2012 സെപ്തംബർ മുതൽ നടന്ന നടന്ന കൊലപാതകങ്ങൾക്കൊടുവിൽ 2018ൽ കേസിലെ പ്രതിയായ സൗമ്യ പിന്നീട് ജയില്‍ വളപ്പില്‍ ആത്മഹത്യ ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: