വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി

കൂത്തുപറമ്പ്: വൈദ്യപരിശോധനയ്ക്കായി ആസ്പത്രിയിലെത്തിച്ചപ്പോൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. കൈതേരി കോലായിവളപ്പിൽ കെ.പി.ഷിനാസിനെയാണ്‌ (24) കൂത്തുപറമ്പ് പോലീസ് തലശ്ശേരിയിൽ പിടികൂടിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ബൈക്കിൽ പിൻതുടർന്ന് ശല്യംചെയ്ത കേസിലും വീട്ടിൽവെച്ച് 750 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലുമാണ് ശനിയാഴ്ച ഷിനാസ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കായി ഷിനാസിനെ പോലീസ് ഞായറാഴ്ച വൈകുന്നേരം കൂത്തുപറമ്പ് താലൂക്കാസ്പത്രിയിൽ എത്തിച്ചപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷിനാസ് കൈതേരിയിലെ വീട്ടിലെത്തി പണവുമായി അവിടെനിന്ന് കടന്നുകളഞ്ഞതായി വ്യക്തമായി. തുടർന്ന് തലശ്ശേരി റെയിൽവേസ്റ്റേഷനിൽ എസ്.ഐ.കെ.വി.സ്മിതേഷും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലശ്ശേരി ജൂഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: