വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

തളിപ്പറമ്പ്∙ വിവിധ രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോടികൾ തട്ടിയെടുത്തയാൾ പിടിയിലായി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം ജമീല മൻസിൽ അബ്ദുൽ കെ.നാസർ എന്ന എം.എം.അബ്ദുൽ ഖാദറിനെ(56)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുമളിയിൽ വച്ച് അറസ്റ്റ് ചെയ്തത്. വാട്ടർ അതോറിറ്റിയിൽ തേക്കടിയിലെ പമ്പ് ഓപ്പറേറ്ററാണ് ഇയാൾ. മാൾട്ട, യുകെ എന്നിവിടങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ 60 ലക്ഷം രൂപ നഷ്ടപ്പെട്ട ചെറുപുഴ തയ്യേനിയിലെ ലിബിൻ മാത്യുവിന്റെ പരാതിയിൽ ഡിവൈഎസ്പി രത്നകുമാറിനൊപ്പം ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, ചെറുപുഴ അഡീ.എസ്ഐ എം.പി.വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദാലി, സൈബർ സെല്ലിലെ വിജേഷ് കുയിലൂർ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത നൂറിൽ അധികം പേരിൽ നിന്ന് 1 ലക്ഷം രൂപ വീതം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നും ഇയാൾ പണം വാങ്ങിയതായി പരാതിപ്പെട്ട് നിരവധി പേർ തളിപ്പറമ്പ് പൊലീസിൽ ബന്ധപ്പെട്ടിട്ടുണ്ട്. പരാതി വന്നതോടെ ഒളിവിൽ പോയ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കണ്ണൂർ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: